LogoLoginKerala

ഓയോ ഹോട്ടലിലെ കൊലപാതകം: യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത് യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം

 
oyo

കലൂർ:  കൊച്ചിയില്‍ ഓയോ റൂമില്‍ ഹോട്ടലില്‍ കെയര്‍ ടേക്കറായ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊലയ്ക്കു കാരണം യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമാണെന്ന് പോലീസ്. ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (26) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദി(30) നെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായി. കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. ഇരുവരും പലപ്പോഴും വഴക്കിലേര്‍പ്പെടുമായിരുന്നു. രേഷ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന നൗഷിദിന്‍റെ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനെക്കുറിച്ചു പോലീസ് പ്രതിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. 

പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സംഭവസമയത്ത് പ്രതി  മദ്യലഹരിയിലായിരുന്നു.  കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷിദ് ജോലി ചെയ്യുന്ന ഓയോ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രി 10.30-നായിരുന്നു സംഭവം. ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടലിലേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു. 

അതേസമയം, തന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ച്‌ കളിയാക്കിയതും വൈരാഗ്യത്തിന് ഇടയാക്കിയെന്നു പ്രതി പോലീസിനോടു പറഞ്ഞു. ബുധനാഴ്ച ഹോട്ടലില്‍ വച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിലും ദേഹമാസകലവും കുത്തുകയായിരുന്നു. വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണകാരണം.സംഭവസ്ഥലത്തെത്തിയ രേഷ്മയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.