LogoLoginKerala

30 കോടി ലോട്ടറി വാഗ്ദാനം, വീട്ടമ്മയില്‍ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ അറസ്റ്റില്‍

 
nigerian


കോട്ടയം- 30 കോടിയുടെ വിദേശലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന്  81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.  നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്.

2021-ലാണ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഇയാള്‍ 81 ലക്ഷം രൂപ തട്ടിയെടുത്തത്. അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു തട്ടിപ്പ്. സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചു. പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. നിങ്ങള്‍ക്ക് യു.കെയില്‍ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 22000 രൂപ അടക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നല്‍കിയതോടെ തട്ടിപ്പില്‍ വിശ്വസിച്ച വീട്ടമ്മ ഇയാള്‍ ആവശ്യപ്പെട്ട പണം കൈമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോള്‍ വരികയും ഇയാള്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കൈമാറുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇയാള്‍ ആവശ്യപ്പെട്ട പണം വീട്ടമ്മ അയക്കാതിരുന്നതോടുകൂടി ഇവരുടെ സമ്മാനങ്ങള്‍ വിദേശത്തു നിന്ന് വന്നതാണെന്നും കൈപ്പറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ വീണ്ടും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയും, കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റും ഇവര്‍ വീണ്ടും പണം അയച്ചു നല്‍കി. പിന്നീട് ഇതിനെക്കുറിച്ച് ഒരുവിവരവുമില്ലാതായി. 

2022 ജൂലൈയിലാണ് വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുന്നതും സൈബര്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. തുടര്‍ന്ന് ഫോണ്‍കാളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ഡല്‍ഹിയില്‍ നിന്നുമാണെന്ന് മനസ്സിലാകുന്നത്. കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടോയെന്നും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.