എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്, ഡല്‍ഹിയില്‍ എന്‍ ഐ എ റെയ്ഡ്

റെയ്ഡില്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങി നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു.
കൊച്ചി- എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ എന്‍ഐഎ പരിശോധന. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നന്നത്. കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം നടത്തിയ പരിശോധനയില്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങി നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തതായാണ് അറിയുന്നത്. ഷാരൂഖ് സെയ്ഫിയുടെയും ഇയാളുമായി അടുപ്പം പുലര്‍ത്തിയിരുന്നവരുടെയും വസ്തുക്കളാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പരിശോധന നടപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ നിന്നും, ഫോണ്‍ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സാക്കിര്‍ നായിക്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള താരിഖ് ജാമില്‍, ഇസ്രാര്‍ അഹമ്മദ്, തൈമൂര്‍ അഹമ്മദ് എന്നിവരുള്‍പ്പെടെ വിവിധ തീവ്ര ഇസ്ലാമിക പ്രബോധകരുടെ അനുയായിയാണ് ഷാരൂഖ് സൈഫിയെന്ന് എന്‍ഐഎയുടെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധങ്ങളില്‍ സൈഫി സജീവമായി പങ്കെടുത്തതായി വിവരം ലഭിച്ചതായി എന്‍ ഐ എ പറയുന്നു. ഏതാനും പേര്‍ ചേര്‍ന്നാണ് ട്രെയിന്‍ കത്തിക്കല്‍ നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നിരുന്നു. പ്രതിക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്നതടക്കം പരിശോധിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് എന്‍എഐ നല്‍കുന്ന വിവരം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിതുറന്നത്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കൗണ്ടര്‍ ടെററിസം ആന്‍ഡ് കൗണ്ടര്‍ റാഡിക്കലൈസേഷന്‍ (സിടിസിആര്‍) ഡിവിഷന്‍ പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണ് എന്‍ ഐ എ കേസ് ഏറ്റെടുത്തത്.