കേന്ദ്രമന്ത്രിയുടെ വീട്ടിൽ കൊലപാതകം; മരിച്ചത് മകന്റെ സുഹൃത്ത്

ലക്നൗ: കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ചു. നഗര വികസന സഹമന്ത്രി കൗശൽ കിഷോറിന്റെ മകന്റെ സുഹൃത്തും ബി.ജെ.പി അനുഭാവിയുമായ വിനീത് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ലക്‌നൗവിലെ വീട്ടിലാണ് സംഭവം. പോയിന്റ് ബ്ലാങ്കിൽ തലയ്ക്ക് വെടിവെച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്നും മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ പേരിലുള്ള തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ 3 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതെസമയം മകന്റെ പേരിലുള്ള തോക്കാണെങ്കിലും കൃത്യം നടക്കുമ്പോൾ മകൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൗശൽ കിഷോർ പ്രതികരിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിന്റെ പിന്നിൽ ആരായാലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ ഒരു മകൻ 2020 ൽ അമിത മദ്യപാനത്തെ തുടർന്ന് മരിച്ചിരുന്നു. അതിന് ശേഷം ലഹരി വിരുദ്ധ ക്യാമ്പയിനുകളിൽ സജീവമായിരുന്നു മന്ത്രി കൗശൽ കിഷോർ.