LogoLoginKerala

ഇറച്ചിക്കടയിലെ തൊഴിലാളിയെ വെട്ടിക്കൊന്നു, പ്രതിയെ തെങ്കാശിയില്‍ നിന്നും പിടികൂടി

 
nagarjun

കൊച്ചി- കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ സഹായി വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം തേക്കുപാറ അമ്പൂരി സ്വദേശി ബിനു എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട തമിഴ്‌നാട് കടയം ഭാരതിനഗര്‍ സ്വദേശി അര്‍ജുന്‍ എന്ന നാഗാര്‍ജുനെ(22) കൂത്താട്ടുകുളം പോലീസ് തമിഴ്നാട്ടില്‍ നിന്ന് പിടികൂടി.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കൂത്താട്ടുകുളത്തെ കരിമ്പനയിലുള്ള ഇറച്ചിക്കടയിലെ തൊഴിലാളികളാണ് രാധാകൃഷ്ണനും അര്‍ജുനും. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപെട്ട് നേരത്തെ ബിനു കടയുടമയോട് പരാതി പറഞ്ഞിരുന്നു. ഇന്നലെ ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി കൊല നടത്തിയ ശേഷം പ്രതി തെങ്കാശിയിലേക്ക് രക്ഷപെടുകയായിരുന്നു.  
രാവിലെ കട തുറക്കാത്തതിനെത്തുടര്‍ന്ന് ഉടമസ്ഥന്‍ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് രാധാകൃഷ്ണനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റതിന്റെ മുറിവുകളും ഉണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രാധാകൃഷ്ണനൊപ്പം താമസിച്ചിരുന്ന അര്‍ജുനെ കാണാനില്ലെന്ന് മനസ്സിലാക്കി തമിഴ്നാട് പൊലീസിനെ വിവരമറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  തമിഴ്‌നാട് പോലീസിന്റെയും, ക്യൂബ്രാഞ്ചിന്റെയും സഹായത്തോടെ കേരളാ പോലീസ് തെങ്കാശിയില്‍ നിന്നും അര്‍ജുനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അന്വേഷണ സംഘത്തില്‍ പുത്തന്‍കുരിശ് ഡി വൈ എസ് പി ടി.ബി.വിജയന്‍, പിറവം പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി.ഇന്ദ്രരാജ്, കൂത്താട്ടുകുളം എസ് ഐ എം.പി.എബി, പിറവം എസ് ഐ എം.എ.ആനന്ദ്  എസ് ഐ വി.രാജേഷ്, എ എസ് ഐ മാരായ,രാജൂ പോള്‍, രാജേഷ് തങ്കപ്പന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  കെ.വി.മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ.മനോജ്, ആര്‍.രജീഷ്  എന്നിവരാണുണ്ടായിരുന്നത്.