ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ഔദ്യോഗിക വസതികളില്‍ ഇ ഡി റെയ്ഡ്
കൊച്ചി- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) പരിശോധന. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡല്‍ഹിയിലേയും ഔദ്യോഗിക വസതികളിലുമാണ് പരിശോധന നടന്നത്. കോഴിക്കോട് ബേപ്പുരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു. നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യം കയറ്റുമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി നടപടി.സി ആര്‍ പി എഫ്. സംഘത്തോടൊപ്പമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ മത്സ്യം കയറ്റുമതി ചെയ്തുവെന്നാണ് കേസ്.നേരത്തെ 2016-17 കാലത്ത് സിബിഐയും സംഭവത്തില്‍ കേസെടുത്ത് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ചുവടു പിടിച്ചാണ് ഇഡിയുടെ അന്വേഷണം. എംപി വീട്ടിലുള്ള സമയത്തായിരുന്നു ഇഡിയുടെ പരിശോധന. പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ മുഹമ്മദ് ഫൈസലിനെ എറണകുളത്തെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.