LogoLoginKerala

കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റില്‍, ഇവര്‍ക്ക്‌ 7 കുഞ്ഞുങ്ങള്‍, ഒപ്പം ഒരു കുഞ്ഞ് മാത്രം

 
child selling


തിരുവനന്തപുരം- തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിയായ സ്ത്രീക്കാണ് വിറ്റത്. വില്‍പ്പനയ്ക്ക് ഇടനില നിന്ന കുഞ്ഞിന്റെ മാതാവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായ അഞ്ജു ഏഴു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ആദ്യ വിവാഹത്തില്‍ നാലു കുട്ടികളാണ് യുവതിക്കുള്ളത്. ഇതില്‍ രണ്ടു കുട്ടികള്‍ ആദ്യ ഭര്‍ത്താവിനൊപ്പവും രണ്ടു കുട്ടികള്‍ യുവതിയുടെ അമ്മയ്‌ക്കൊപ്പം കാഞ്ഞിരംകുളത്തുമാണ്. ഒരു മകന്‍ യുവതിക്കൊപ്പമാണുള്ളത്.  ഒരു കുഞ്ഞ് മരിച്ചെന്ന മൊഴിയാണ് യുവതി പോലീസിന് നല്‍കിയത്. ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏപ്രില്‍ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വില്‍പ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. മൂന്നുലക്ഷം രൂപ നല്‍കി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് സംഭവത്തില്‍ നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്‍പ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.