LogoLoginKerala

പൂട്ടിക്കെട്ടിച്ച് പോലീസ്, മറുനാടന്‍ പ്രവര്‍ത്തനം നിലച്ചു, ഷാജന്‍ ഒളിവില്‍ തന്നെ

 
marunadan

തിരുവനന്തപുരം-  മറുനാടന്‍ മലയാളിയുടെ പ്രവര്‍ത്തനം നിലച്ചു. മറുനാടന്‍ മലയാളിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തിരുവനന്തപുരം പട്ടം ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തു.  29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്‌ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഓഫിസില്‍ എത്തരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

വ്യാജവാര്‍ത്താ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും എത്രയും വേഗം കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും ഷാജന്‍ ഒളിവില്‍ തുടരുകയാണ്. ഇയാളെ പിടികൂടുന്നതിന്റെ ഭാഗമാണ് പോലീസ് ഇയാളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തത്. ചില ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. ഫോണുകള്‍ പിടിച്ചെടുത്തു.

മറുനാടന്റെ എറണാകുളം മരോട്ടിച്ചോട്ടിലുള്ള ഓഫീസില്‍ നിന്ന് കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവ കസ്‌റ്ഡിയിലെടുത്തു. ഷാജന്റെ വലംകൈയായ റിപ്പോര്‍ട്ടറുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈല്‍ അടക്കം തിരിച്ച് നല്‍കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കണ്ടെത്താനും, പി. വി ശ്രീനിജന്‍ എംഎല്‍എയ്ക്ക് എതിരായ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.