LogoLoginKerala

മറഡോണയുടെ മരണം, സഹായികള്‍ക്കെതിരെ നരഹത്യാകുറ്റം, വിചാരണ നേരിടണം

 
Maradona aid

ബ്യൂണസ്‌ഐറിസ് - പരിചരണത്തില്‍ വീഴ്ച വരുത്തിയതാണ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് കാരണമെന്ന പരാതിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്ന് അര്‍ജന്റീനയിലെ കോടതി വിധിച്ചു.

അശ്രദ്ധ മൂലമുള്ള നരഹത്യയാണ് എട്ടു പേര്‍ക്കുമെതിരെ ചുമത്തിയ കുറ്റം. ഇത്ര ഗൗരവമേറിയ കുറ്റം ചുമത്തരുതെന്ന പ്രതികളുടെ പരാതി ബ്യൂണസ്‌ഐറിസിന്റെ പ്രാന്തപ്രദേശത്തുള്ള സാന്‍ ഇസിദ്രോയിലെ കോടതി തള്ളി. പ്രതികള്‍ അശ്രദ്ധയും അലംഭാവവും കാട്ടിയെന്ന് കോടതി നിരീക്ഷിച്ചു. 

കോടതി നടപടികള്‍ അടുത്ത വര്‍ഷമേ ആരംഭിക്കൂ. എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്നയാണ് പ്രതികള്‍ക്കെതിരായ കുറ്റം.

2020 നവംബറില്‍ അറുപതാം വയസ്സിലാണ് ഫുട്‌ബോള്‍ ഇതിഹാസം ഓര്‍മയായത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമിക്കുന്ന വസതിയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ശരിയായ പരിചരണം ലഭിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു.