LogoLoginKerala

സിസിടിവിയില്‍ കണ്ടത് കാപ്പാട് സ്വദേശി, ട്രെയിന്‍ തീവെച്ച പ്രതിയല്ലെന്ന് പോലീസ്

 
CCTV visual
കോഴിക്കോട്- ട്രെയിനിന് തീവെച്ചയാളെന്ന സംശയിച്ച് പോലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന് സ്ഥിരീകരിച്ചതായി പോലീസ്. കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണ് ഇതെന്നും ഇയാളുമായി സംസാരിച്ചതായും പോലീസ് വ്യക്തമാക്കി.
ട്രെയിനില്‍ തീവെച്ച പ്രതിയുമായി സി സി ടി വി ദൃശ്യത്തിലുള്ള ആള്‍ക്കുള്ള സാമ്യമാണ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ കാരണമായത്. ചുവന്ന ചെക്ക് ഷര്‍ട്ട് ധരിച്ച് ചെറിയ താടിയുള്ള 25 വയസ് തോന്നുന്ന യുവാവിനെയാണ് ദൃശ്യത്തില്‍ കണ്ടത്. ആരെയോ ഇയാള്‍ ഫോണ്‍ ചെയ്യുന്നതും സ്‌കൂട്ടര്‍ എത്തി ഇയാളെ കൊണ്ടു പോകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഇതോടെ ട്രെയിനിലെ തീവെപ്പ് ആസൂത്രിതമാണെന്നും പ്രാദേശികമായ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംശയിച്ചു. ഇയാളെയും കൊണ്ട് സ്‌കൂട്ടര്‍ പോയ വഴി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഫോണ്‍ കാള്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതോടെയാണ് കാപ്പാട് സ്വദേശിയിലേക്ക് അന്വേഷണം എത്തിയത്. ഇയാളെ നേരിട്ട് ചോദ്യം ചെയ്ത പോലീസിനോട് താന്‍ ഇവിടെ എത്താനിടയായാ സാഹചര്യം വിവരിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി ശരിയാണെന്ന് ബോധ്യമായി. സ്‌കൂട്ടറില്‍ ഇയാളെ കൊണ്ടു പോയ കൂരാച്ചുണ്ട് സ്വദേശിയെയും കണ്ടെത്തി മൊഴിയെടുത്തു.