വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പ്രിയരജ്ഞന് ലഹരിസംഘവുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്.
ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 'മാമാ ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്കളങ്കമായ ചോദ്യത്തിൽ നിന്നുണ്ടായ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത്. ആദിശേഖർ കൂട്ടുകാർക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടിൽ കളി കഴിഞ്ഞ് ബാൾ ഷെഡിൽ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. ടെയുണ്ടായിരുന്ന കുട്ടിയിൽ നിന്ന് ആദിശേഖറിന്റെ സ്വന്തം സൈക്കിൾ വാങ്ങി കയറാൻ തുടങ്ങുന്നതിനിടെ പിന്നാലെ കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിയിൽ കാത്ത് കിടന്ന് കുട്ടിയെ കണ്ടതും അതിവേഗത്തിൽ പാഞ്ഞ് ചെന്ന് ഇടിക്കുകയായിരുന്നു.
ഇതോടെയാണ് നരഹത്യക്ക് പകരം കൊലക്കുറ്റം ചുമത്തി കേസെടുത്തത്. നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആദിശേഖറിന്റെ കുടുംബം. പൂവച്ചൽ സ്വദേശിയാണ് പ്രതിയായ പ്രിയരഞ്ജൻ. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജൻ ഓടിച്ച കാറിടിച്ച് മരിച്ചത്. സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാൽ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. രാസലഹരി ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്.