LogoLoginKerala

മധുവധം: ശിക്ഷാവിധിക്കെതിരെ വാദികളും പ്രതികളും അപ്പീല്‍ നല്‍കും, നിയമയുദ്ധം തുടരും

 
madhu family

മണ്ണാര്‍ക്കാട്-അട്ടപ്പാടി മധു വധക്കേസിലെ കോടതി വിധിക്കെതിരെ സര്‍ക്കാരും പ്രതിഭാഗവും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതോടെ ആദിവാസി യുവാവിന്റെ കൊലപാതകത്തിന്റെ പേരിലുള്ള നിയമയുദ്ധം ഇനിയും വര്‍ഷങ്ങള്‍ നീളുമെന്ന് ഉറപ്പായി. 
കോടതി വിധിയില്‍ മധുവിന് നീതി കിട്ടിയിട്ടില്ലെന്നാണ് മധുവിന്റെ അമ്മയും സഹോദരിയും പബ്ലിക് പ്രോസിക്യൂട്ടറും പ്രതികരിച്ചിരിക്കുന്നത്. ആദിവാസികള്‍ക്ക് വേണ്ടിയുള്ള കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. മധുവിന് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും. കൂറുമാറിയവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിക്കായി പോരാട്ടം തുടരും. സര്‍ക്കാര്‍ സഹായം വേണമെന്നും പ്രൊസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെടുമെന്നും സഹോദരി പറഞ്ഞു. പ്രതികള്‍ എല്ലാവരും കുറ്റക്കാരാണെന്നും അവര്‍ക്ക് ശിക്ഷ കിട്ടണമെന്നും മധുവിന്റെ അമ്മ പറഞ്ഞു. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോനും പ്രതികരിച്ചു. വിധി അനുകൂലമായതില്‍ സന്തോഷമുണ്ട്. എന്നാല്‍ ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടേണ്ടവരാണ് പ്രതികള്‍. സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. തുടക്കം മുതല്‍ ശക്തമായ മാധ്യമ വിചാരണ നടന്ന കേസാണിതെന്നും അവര്‍ പറഞ്ഞു. 
കേസില്‍ പതിനാറാം പ്രതിക്ക് ഒഴികെ ഏഴ് വര്‍ഷം കഠിനതടവാണ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷത്തി അയ്യായിരം രൂപയും രണ്ട് മുതല്‍ പതിനഞ്ച് വരെയുള്ള മറ്റ് പ്രതികള്‍ക്ക് 1, 18,000 രൂപ പിഴയുമാണ് ചുമത്തിയിട്ടുള്ളത്. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം ശിക്ഷ അനുഭവിച്ചാല്‍ മതി. 500 രൂപ പിഴയും ഒടുക്കണം. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.വിവിധ വകുപ്പുകളിലായി പല ശിക്ഷകളുണ്ട്. എന്നാല്‍ എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റി.