കോടികളുടെ വായ്പാ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍; വാഗ്ദാനം 100 കോടി വായ്പ

കൊച്ചി-വായ്പ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുക്കുന്ന തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിലെ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയില്‍. നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിലാണ് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ നടേശന്‍ (47), രാജേഷ് പാണ്ഡ്യന്‍ (26) എന്നിവരെ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മിനിമം നൂറു കോടി രൂപ വായ്പയായി വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തുന്നത്. തമിഴ്‌നാടിന് പുറത്തുള്ളവര്‍ക്കാണ് ഇവര്‍ വായ്പ വാഗ്ദാനം ചെയ്യുന്നത്. വിശ്വാസ്യത ഉറപ്പുവരുത്താന്‍ നൂറു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കാണിച്ചാണ് തട്ടിപ്പ്. വായ്പ ലഭ്യമാക്കും മുമ്പ് രണ്ട് ശതമാനം രജിസ്‌ട്രേഷനും മറ്റുമാണെന്ന് പറഞ്ഞ് ആദ്യം ആവശ്യക്കാരനില്‍ നിന്ന് ഇവര്‍ വാങ്ങും. ആധാരം, പ്രോമിസറി നോട്ട്, ചെക്ക് എന്നിവ രജിസ്‌ടേഷന്‍ നടപടികള്‍ക്കായും ആവശ്യപ്പെടും. തമിഴ്‌നാട്ടിലെ രജിസ്‌ട്രേഷന്‍ ഓഫീസിലെത്തി രജിസ്‌ട്രേഷന്‍ നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് ചില പേപ്പറുകളില്‍ ഒപ്പിടുവിക്കും.തമിഴ്‌നാട്ടിലെ രജിസ്‌ട്രേഷന്‍ ഓഫീസിലും ഇവര്‍ക്ക് ആളുകളുണ്ട്. പിന്നീട് ഡ്രാഫ്റ്റ് കൈമാറി രണ്ട് കോടി രൂപ കൈപ്പറ്റി മുങ്ങുകയുമാണ് ചെയ്യുന്നത്. നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിരിക്കും.
തട്ടിപ്പുസംഘത്തിന് കൊടുത്ത രണ്ട് ശതമാനം തുക രേഖാമൂലമുള്ള പണമല്ലാത്തതിനാല്‍ പലരും പരാതിയുമായി രംഗത്ത് വരാറില്ലെന്ന് പോലീസ് പറഞ്ഞു. മൂവാറ്റുപുഴ സ്വദേശിക്ക് അമ്പത് കോടി രൂപയാണ് ആദ്യ ഗഡു വായ്പയായി നല്‍കാമെന്ന് പറഞ്ഞത്. ഇത്തരത്തില്‍ രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങള്‍ക്ക് ഇവര്‍ തിരുനല്‍വേലിയിലെത്തിയപ്പോള്‍ തട്ടിപ്പുസംഘം അമ്പതു ലക്ഷത്തിന്റെ ഡ്രാഫ്റ്റ് കാണിച്ചു. മുവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഈ ഡ്രാഫ്റ്റില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരില്‍ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ് വിട്ടയച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
രണ്ടു വട്ടം ദിവസങ്ങളോളം നീണ്ടു നിന്ന ഓപ്പറേഷനിലാണ് ഇവരെ കണ്ടെത്തി പിടികൂടാനായത്. വ്യാപാരികളുടെ വേഷത്തില്‍ ബൈക്കിലും, സൈക്കിളിലും കറങ്ങി നടന്നാണ് ഓപ്പറേഷന്‍ നടത്തിയത്. പിടികൂടുന്ന സമയം സംഘത്തിന്റെ കൂടെ ആയുധധാരികളായ ബോഡി ഗാര്‍ഡുമുണ്ടായിരുന്നു. കേരളത്തില്‍ തന്നെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തട്ടിപ്പ് സംഘത്തിന് പണം കൈമാറാനെത്തുന്നവരുടെ വിവരങ്ങള്‍ മനസിലാക്കി ഇടക്ക് വച്ച് ഇവരുടെ ആളുകള്‍ പണം മോഷ്ടിച്ചു കൊണ്ടുപോകാറുമുണ്ട്. പണവുമായെത്തുന്നവര്‍ക്ക് ഇവരുടെ പ്രവര്‍ത്തികളില്‍ സംശയം പ്രകടിപ്പിച്ചാല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. നിരവധി കേസുകളിലെ പ്രതിയാണ് ഇപ്പോള്‍ പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. നിയമ ബിരുദധാരിയാണ് പിടിയിലായ നടേശന്‍.