LogoLoginKerala

15,000 കോടി രൂപയുടെ 2500 കിലോ മയക്കുമരുന്ന് പിടികൂടി, പാക്കിസ്ഥാന്‍ പൗരന്‍ കസ്റ്റഡിയില്‍

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട
 
drugg


 


കൊച്ചി- നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ നേവിയും ചേര്‍ന്ന് ഇന്ത്യന്‍ തീരക്കടലില്‍ നടത്തിയ ഓപ്പറേഷനില്‍ കപ്പലില്‍ കടത്തുകയായിരുന്ന 15,000 കോടി രൂപയുടെ 2500 കിലോ മെതാംഫെറ്റമിന്‍ മയക്കുമരുന്ന് പിടികൂടി. പാക്കിസ്ഥാന്‍ പൗരനെ കസ്റ്റഡിയിലെടുത്തു.

അഫ്ഗാന്‍ തീരത്തു നിന്ന് വന്‍തോതില്‍ മയക്കുമരുന്നുമായി ഒരു മദര്‍ഷിപ്പ് ഇന്ത്യന്‍ തീരത്തേക്ക് വരുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍ സി ബി ഉദ്യോഗസ്ഥരും നേവിയും കടലില്‍ സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. ബലൂചിസ്ഥാന്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്ന മക്‌റാന്‍ ഭാഗത്തു നിന്നും വന്‍തോതില്‍ മെത്താംഫെറ്റമിനുമായി ഒരു മദര്‍ഷിപ്പ് വരുന്നതായാണ് വിവരം ലഭിച്ചത്. മദര്‍ഷിപ്പുകള്‍ അവയുടെ സഞ്ചാരപാതയിലുടനീളം ചെറുകപ്പലുകള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുകയാണ് ചെയ്യാറ്. മദര്‍ഷിപ്പ് കടന്നുപോകാന്‍ സാധ്യതയുള്ള കപ്പല്‍പ്പാതകള്‍ സൂക്ഷ്മമായി വിലയിരുത്തി ഇന്ത്യന്‍ നേവിയുടെ നാവിക കപ്പലില്‍ നടത്തിയ പരിശോധനയില്‍ ഒരു വലിയ മദര്‍ഷിപ്പ് സംശയകരമായി കണ്ടെത്തി. ഇതില്‍ നടത്തിയ പരിശോധനയിലാണ് 134 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന മെത്താംഫെറ്റമിന്‍ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത പാക്കിസ്ഥാനി പൗരന്‍ സ്പീഡ് ബോട്ടിലാണ് കപ്പലിനെ അനുഗമിച്ചിരുന്നത്. പിടികൂടിയ മയക്കുമരുന്നും സ്പീഡ് ബോട്ടും പാക്കിസ്ഥാന്‍ പൗരനെയും ഇന്നലെ നേവിയുടെ കപ്പലില്‍ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിടികൂടിയിട്ടുള്ള ചാക്കുകളിലെല്ലാം മെത്താംഫെറ്റമിന്‍ ആണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയേ സ്ഥിരീകരിക്കാന്‍ സാധിക്കൂ. എങ്കിലും പിടികൂടിയ ചാക്കുകളില്‍ മയക്കുമരുന്നു തന്നെയാണെന്നാണ് നിഗമനം.
രാജ്യത്ത് ഇത്രവലിയ അളവില്‍ മെത്താംഫെറ്റമിന്‍ പിടികൂടുന്നത് ആദ്യമാണെന്ന് എന്‍ സി ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായി ഒന്നര വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ മയക്കുമരുന്നു വേട്ടയാണിത്. 3200 കിലോ മെത്താംഫെറ്റമിനും 500 കിലോ ഹറോയിനും 529 കിലോ ഹാഷിഷുമാണ് ഇക്കാലയളവില്‍ പിടികൂടിയിരുന്നത്.