LogoLoginKerala

വായ്പാ തട്ടിപ്പിനെ തുടർന്ന് കർഷകന്റെ ആത്മഹത്യ; കെ പി സി സി ജനറൽ സെക്രട്ടറി അറസ്റ്റിൽ

 
  Kpcc general secretary
വയനാട് - ബാങ്ക് വായ്പാ തട്ടിപ്പിനിരയായി പുല്‍പ്പള്ളി സ്വദേശിയും കര്‍ഷകനുമായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. എബ്രഹാം പ്രസിഡന്റായിരിക്കുന്ന സമയത്താണ് ബാങ്കില്‍ വായ്പാതട്ടിപ്പ് നടന്നത്. 
സ്ഥലം ഈടുവെച്ച് വായ്പയെടുത്ത കര്‍ഷകരറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ അധികമായി എടുത്ത് വായ്പാതട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലെ ഇരയായിരുന്നു മരിച്ച രാജേന്ദ്രനും. 75,000 വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷമാണ് കരസ്ഥമാക്കിയത്. പലിശസഹിതം അതിപ്പോള്‍ 35 ലക്ഷത്തോളമായിട്ടുണ്ട്.
രാജേന്ദ്രൻ നായരുടെ മരണത്തിന്റെ പ്രധാന ഉത്തരവാദി പുൽള്ളി സഹകരണ ബാങ്കിലെ അഴിമതിക്ക്‌ ചുക്കാൻപിടിച്ച കെ പി സി സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാമാണെന്നാണ് പരാതി. 
രാജേന്ദ്രൻ നായരുടേത് ഉൾപ്പെടെ 36 തട്ടിപ്പുകളിലൂടെ കോൺഗ്രസ് നേതാക്കൾ നേടിയത്‌ 8.68 കോടി രൂപയാണ്‌. കെ.കെ. എബ്രഹാമിന്റെ ബിനാമി കൊല്ലപ്പിള്ളി സജീവന്റെ അക്കൗണ്ടിലേക്ക് മാത്രം 12 വായ്പയുടെ തുക മാറ്റി. തട്ടിപ്പിന് എബ്രഹാമിന്റെ ബന്ധുക്കൾ പോലും ഇരയായി. ചോദ്യം ചെയ്‌ത ബന്ധുക്കളായ ദമ്പതികൾക്ക്‌ ബിനാമികളിൽനിന്ന്‌ ക്രൂരമർദനമേറ്റു.
ഇരകളും കർഷക കോൺഗ്രസിന്റെ ചില പ്രവർത്തകരും കോൺഗ്രസ്‌ നേതൃത്വത്തിന്‌ നൽകിയ പരാതികളെല്ലാം ചവറ്റുകുട്ടയിലിട്ടു. ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എയുടെ വീട്ടിലടക്കം പോയി ഇവർ കാര്യങ്ങൾ ധരിപ്പിച്ചു. പ്രതിപക്ഷനേതാവിനും കെ പി സി സി പ്രസിഡന്റിനും നേരിട്ട്‌ പരാതി നൽകി. എന്നിട്ടും തട്ടിപ്പുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. പരാതി ഉന്നയിച്ചവർക്ക്‌നേരെ ഭീഷണിയുമുണ്ടായി. 
കർഷകരുടെ പേരിൽ തട്ടിയെടുത്ത തുക ബാങ്ക്‌ ഭരണസമിതി അംഗങ്ങളിൽനിന്ന്‌ തിരിച്ചുപിടിക്കാനുള്ള നടപടികളിലാണ്‌ സഹകരണ വകുപ്പ്‌. ഇത്‌ തടസപ്പെടുത്താൻ പ്രതികൾ കോടതികളെ സമീപിച്ച്‌ സമയം ദീർഘിപ്പിച്ചു. അല്ലായിരുന്നുവെങ്കിൽ പണം തിരിച്ചുപിടിക്കുകയും ഇരയായവർക്ക്‌ ഭൂരേഖകൾ തിരികെ ലഭിക്കുകയും ചെയ്യുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.