LogoLoginKerala

'വിവാഹിതയല്ലേ പിന്നെന്താണ് പ്രശ്നം' അതിജീവിതയോട് പ്രതിയുടെ സഹപ്രവർത്തക ചോദിച്ചത്

 
Kozhikode rape case
കോഴിക്കോട് - ' നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ, അറ്റന്റര്‍ ഇങ്ങനെ ചെയ്തുവെന്ന് കരുതി മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ, അതുകൊണ്ട് എന്തെങ്കിലും പണം വാങ്ങിത്തരാം, കേസ് പിന്‍വലിക്കണം ' മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ ഐ സി യുവില്‍ ആശുപത്രി ജീവനക്കാരന്റെ പീഡനത്തിനിരയായ യുവതിയോട് പ്രതിയുടെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാർ ചോദിച്ചതിങ്ങനെ.
 തന്റെ അടുത്തു വന്ന പ്രതിയുടെ സഹപ്രവര്‍ത്തകരായ ആറ് സ്ത്രീകളുടെ ആവശ്യം ഇതായിരുന്നുവെന്ന് അതിജീവിത പറയുന്നു. പീഡനത്തിനിരയായി ആകെ മാനസികമായി തളര്‍ന്നു നില്‍ക്കുമ്പോഴാണ് ആറ് സ്ത്രീകള്‍ വന്ന് എന്റെ മാനത്തിന് വിലയിട്ടതെന്നാണ് അതിജീവിതയുടെ പരാതിയിലുള്ളത്. ഇതേതുടര്‍ന്ന് കേസിലെ പ്രതിയായ ശശീ്ന്ദ്രന്റെ സഹപ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 1 അറ്റന്റര്‍മാരുമായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റര്‍മാരായ ഷൈമ, ഷലൂജ, നഴ്‌സിംഗ് അസിസ്റ്റന്റായ പ്രസീത മനോളി എന്നിവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. ദിവസ വേതന ജീവനക്കാരിയായ ദീപയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആറ് സ്ത്രീകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടായത്. അജിതീവിതയെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തനിക്ക് മാനസിക രോഗമുണ്ടെന്ന് ഇവര്‍ പറഞ്ഞു പരത്തിയതായും പീഡനത്തിനിരയായ യുവതി പറയുന്നു. ' ഈ സ്ത്രീകളെല്ലാം ആശുപത്രിയിലെ മറ്റ് വാര്‍ഡികളില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ ഒരുമിച്ച് ഞാന്‍ കിടക്കുന്ന വാര്‍ഡിന്റെ വാതിലിനരികില്‍ എത്തിയ ശേഷം ഓരോരുത്തരായി വന്നാണ് കേസ് പിന്‍വലിക്കണമെന്നും നഷ്ട്പരിഹാരമായി എന്തെങ്കിലും തുക വാങ്ങിത്തരാമെന്നും പറഞ്ഞത് ' അതിജീവിത വെളിപ്പെടുത്തുന്നു.
തൈറോയ്ഡിന് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കഴിഞ്ഞ ദിവസം ഐ സി യുവില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് അറ്റന്ററായ വടകര വില്യാപ്പള്ളി മയ്യന്നൂര്‍ കുഴിപ്പുറത്ത് ശശീന്ദ്രനെ (55) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ കൊണ്ടുവന്ന ശേഷമാണ് സംഭവമുണ്ടായത്. യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവിലാക്കിയ ശേഷം മടങ്ങിയ അറ്റന്റര്‍ കുറച്ചു കഴിഞ്ഞു തിരികെ വരികയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാരൊന്നും തൊട്ടടുത്തില്ലെന്ന് ഉറപ്പാക്കിയാണ് മയക്കത്തിലായിരുന്ന യുവതിയെപീഡിപ്പിച്ചത്.ബോധം തെളിഞ്ഞ ശേഷം യുവതി ബന്ധുക്കളോടും ഐ.സി.യുവിലെ നഴ്‌സിനോടും വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.