വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്; കെ. വിദ്യ വീണ്ടും അറസ്റ്റില്‍

കാസര്‍കോട്- വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസില്‍ നീലേശ്വരം പോലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തത്. വിദ്യയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നീലേശ്വരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യയെ അല്‍പസമയത്തിനകം വൈദ്യ പരിശോധനയ്ക്കും തുടര്‍ന്ന് കോടതിയിലും ഹാജരാക്കും. എന്നാല്‍ വിദ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ കോടതി ഇന്ന് തന്നെ വിദ്യക്ക് ജാമ്യം അനുവദിക്കും.
അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു. ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് കോടതി ഉപധികളോടെ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു.