LogoLoginKerala

പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തെന്ന് സമ്മതിച്ച് കെ സുധാകരന്‍

താന്‍ ദുഖിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കിയെന്നും സുധാകരന്റെ വെളിപ്പെടുത്തല്‍

 
k sudhakaran


കണ്ണൂര്‍- പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ  പോക്‌സോ കേസില്‍ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായി സുധാകരന്റെ തന്നെ തുറന്നു പറച്ചില്‍. സാമ്പത്തിക തട്ടിപ്പു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സുധാകരനോട് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ പോക്‌സോ കേസുമായി ബന്ധപ്പെട്ട നാലു ചോദ്യങ്ങള്‍ ചോദിച്ചതായാണ് വെളിപ്പെടുത്തല്‍. കണ്ണൂര്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പോക്‌സോ കേസിനെക്കുറിച്ച് ഉദ്യോഗസ്ഥന്‍ ചോദിച്ചു ചോദിച്ചു വന്നപ്പോള്‍ നാലു ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു താന്‍ എന്നെ ചോദ്യം ചെയ്യുന്നത് സാമ്പത്തിക ഇടപാടിലാണോ അതോ പോക്‌സോ കേസിലാണോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു സാമ്പത്തിക ഇടപാടിലാണ് എന്ന്. പിന്നെ താന്‍ ചോദിച്ച ചോദ്യമൊക്കെ എന്തോന്നാ. അപ്പോ ഞാന്‍ ചോദിച്ചു നിനക്കൊരു അജണ്ടയുണ്ടല്ലേ. അങ്ങനെയൊരു ധാരണ വെച്ച് താന്‍ ക്വസ്റ്റിന്‍ ചെയ്യാന്‍ നിന്നാല്‍ താന്‍ ദുഖിക്കേണ്ടിവരും. ഐ വില്‍ റിയാക്ട്. എന്നെ അറിയുമെങ്കില്‍, മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ മാത്രം ആ പണിക്ക് നിന്നാല്‍ മതി. അല്ലെങ്കില്‍ ഞാന്‍ പ്രതികരിക്കും. താന്‍ ദുഖിക്കേണ്ടിവരും എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതോടു കൂടി പോക്‌സോ കേസിന്റെ ചോദ്യം അവിടെ നിര്‍ത്തി. പിന്നെ സാമ്പത്തിക കേസ് മാത്രമായി- സുധാകരന്‍ പറഞ്ഞു.