LogoLoginKerala

കെ സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

 
k sudhakaran

കൊച്ചി- മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവു കൂടിയായ അഡ്വ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ മുഖേനയാണ് കെ സുധാകരന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

തനിക്കെതിരായ ക്രൈം ബ്രാഞ്ച് നടപടികള്‍ നിയമപരമല്ലെന്നാണ് സുധാകരന്റെ വാദം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ പ്രതിയാക്കിയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തന്റെ സല്‍പേര് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണ്. എപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ ജാമ്യഹര്‍ജി പരിഗണനക്ക് വരുമ്പോള്‍ ശക്തമായി എതിര്‍പ്പ് അറിയിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങളടക്കം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും. മോന്‍സന്റെ സാമ്പത്തിക തട്ടിപ്പില്‍ കെ സുധാകരന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.