LogoLoginKerala

ഐഎസ്ആർഓ പരീക്ഷയിലെ കോപ്പിയടി: അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

 
Isro
ഐഎസ്ആർഓ പരീക്ഷയിലെ കോപ്പിയടി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
കേസിലെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നതിനുള്ള ചുമതല കന്റോൺമെന്റ് എസിപി സ്റ്റുവർട്ട് ഹീലനെയും ഏൽപ്പിച്ചു.
കേസിൽ ഇതുവരെ 6 പേരാണ് പിടിയിലായത്. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം ഉടൻ ഹരിയാനയിലേക്ക് പുറപ്പെടും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്.
ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഉദ്യോഗാർത്ഥിക്ക് വേണ്ടി പ്രതികൾ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ എത്തിയ വിവരവും ചോദ്യം ചെയ്യലിൽ കണ്ടത്തി. 
സംഭവത്തിൽ ഇന്നും കൂടുതൽ അറസ്റ്റുണ്ടായി. തുടർന്ന് കേസിന്റെ അന്വേഷണ ചുമതല സൈബർ സെല്ലിന് നൽകി. എന്നാൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നതിനുള്ള ചുമതല കന്റോൺമെന്റ് എസിപി സ്റ്റുവർട്ട് ഹീലനാണ്. 
ഐഎസ്ആർഒ കോപ്പിയടിയിൽ മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരീക്ഷ എഴുതാനായി 469 പേർ ഹരിയാനയിൽ നിന്ന് മാത്രം കേരളത്തിൽ എത്തിയതും സംശയമുണ്ടാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കാനാണ് സാധ്യത