LogoLoginKerala

ഐ. ജി. ലക്ഷ്മണനും ഡി. ഐ. ജി. സുരേന്ദ്രനും കെ. സുധാകരനൊപ്പം പ്രതികള്‍

 
monson mavungal

കൊച്ചി- മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്തത്. ഇവരും മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇവരുടെ പങ്ക് പുറത്തുവന്നിരുന്നതാണെങ്കിലും കേസില്‍ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടും നടപടികള്‍ വകുപ്പു തലത്തില്‍ ഒതുങ്ങി. 

ഇപ്പോള്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റിയതായി രേഖാമൂലം കണ്ടെത്തിയിരിക്കുന്ന കെ. സുധാകരന്‍ രണ്ടാം പ്രതിയാക്കിയതോടെയാണ് സമാനമായ രീതിയില്‍ പണം പറ്റിയ പോലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്തിരിക്കുന്നത്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്. ക്രൈംബ്രാഞ്ചിന്റെ രണ്ട് സംഘങ്ങള്‍ ഒരു വര്‍ഷത്തിലേറെ അന്വേഷിച്ച ശേഷമാണ് കെ. സുധാകരനെ പ്രതിയാക്കാനുള്ള തീരുമാനമുണ്ടായത്. 

മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ജീവനക്കാര്‍ സുധാകരന് മോന്‍സണ്‍ പത്തുലക്ഷം രൂപ നല്‍കിയത് കണ്ടതായി നിര്‍ണായക മൊഴി നല്‍കി. ബാങ്ക് എക്കൗണ്ട് രേഖകളിലും ഇത് വ്യക്തമാണ്.