LogoLoginKerala

ഉണ്ണി മുകുന്ദനെതിരായ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

 
unni mukundan

കൊച്ചി- നടന്‍ ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ പീഢനപരാതിയില്‍  തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.  കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി കേസിലെ നടപടികളില്‍ സ്റ്റേ നല്‍കിയത്.

നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി മെയ് 23 ന് ഉത്തരവിട്ടിരുന്നു. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്ന് തള്ളിയിരുന്നു. ജഡ്ജിമാരുടെ പേര് പറഞ്ഞ് കക്ഷികളില്‍ നിന്ന് പണം വാങ്ങിയ കേസില്‍ പ്രതിയായ സൈബി ജോസ് കിടങ്ങൂരാണ് നേരത്തെ ഉണ്ണി മുകുന്ദന് വേണ്ടി കേസ് വാദിച്ചിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയതോടെ കേസിന്റെ വിധി മാറിമറിഞ്ഞു. വിചാരണ കോടതിയില്‍ നടപടികള്‍ തുടരാമെന്നും  കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിനെതിരെ ഉണ്ണി മുകുന്ദന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഉണ്ണി മുകുന്ദന്റെ ഫ്‌ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.