LogoLoginKerala

മറുനാടന്‍ ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കീഴടങ്ങാന്‍ നിര്‍ദേശം

 
shajan scariah

കൊച്ചി- വ്യാജവാര്‍ത്തകളിലൂടെ കുപ്രസിദ്ധനായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ പട്ടികജാതി സംരക്ഷണ വകുപ്പുകള്‍ പ്രകാരം എടുത്ത കേസിലാണ് ഹൈക്കോടതി ഷാജന് ജാമ്യം നിഷേധിച്ചത്. പേലീസ് കേസെടുത്തതിനെ തുടര്‍ന്ന് ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന ഷാജനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. 

നേരത്തേ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജന്‍ സ്‌കറിയെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയ ശേഷമാണ് വിധി പ്രസ്താവിച്ചത്.

തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്നും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറുനാടന്‍ ഷാജന്‍ സ്‌കറിയക്ക് പുറമേ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷാജന്‍ എത്തിയിരുന്നില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഷാജനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പോലീസ്.