LogoLoginKerala

ഗുജറാത്ത് കലാപം: ഗാന്ധിനഗര്‍ കലോല്‍ കൂട്ടക്കൊല കേസിലെ 26 പ്രതികളെയും വെറുതെ വിട്ട് കോടതി

 
gujrat

2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.ഗുജറാത്തിലെ കലോലില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേരെയാണ് കോടതി വെറുതെ വിട്ടത്.
ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികള്‍ മരിച്ചെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവില്‍ പറഞ്ഞു. 39 പേരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ 13 പേര്‍ വിചാരണക്കാലത്ത് മരിച്ചിരുന്നു.
2002 മാര്‍ച്ച് ഒന്നിന് ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസിലെ തീവെപ്പിനെത്തുടര്‍ന്ന് ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ടാണ് കേസ്. ഗാന്ധിനഗര്‍ കലോല്‍ പോലീസ് സ്റ്റേഷനിനിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കലോലില്‍ നടന്ന കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാളെ പോലീസ് വാഹനത്തില്‍വെച്ച് തീ കൊളുത്തി കൊന്ന സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ സംഘം ആരാധനാലയത്തില്‍ നിന്ന് പുറത്തേക്ക് വന്ന മറ്റൊരാളെ തീ കൊളുത്തികൊന്നതായും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേലോല്‍ ഗ്രാമത്തില്‍ നിന്ന് കലോലിലേക്ക് വന്ന പതിനൊന്ന് പേരെയാണ് ഈ സംഘം തീവെച്ച് കൊന്നത്. രക്ഷപെടാന്‍ ശ്രമിച്ച ഒരു യുവതിയെ അക്രമികള്‍ കൂട്ടബലാല്‍സംഗം ചെയ്തതെന്നും പ്രോസിക്യുഷന്‍ കേസില്‍ വാദിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കലാപം എന്നീ വകുപ്പുകളും ചുമത്തിയിരുന്നു.