LogoLoginKerala

50 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് പിടികൂടി, അടിക്കടി കള്ളക്കടത്തിന്റെ സ്വഭാവം മാറുന്നതായി കസ്റ്റംസ്

ഒരു കോടി വരെ കൊണ്ടുവരുന്നവര്‍ക്ക് ജാമ്യം, അന്വേഷണം വഴിമുട്ടുന്നു
 
smuggled gold

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച അന്‍പത് ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍  ജിദ്ദയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസില്‍ നിന്നുമാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ നാല് സ്വര്‍ണ ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്. 1170.75 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്.
കൊച്ചി വിമാനത്താവളം വഴി  വിവിധ രീതിയിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് സാധാരണമാകുന്നതായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ ഇതുവരെ വിവിധ തരത്തില്‍ നടത്താന്‍ ശ്രമിച്ച 3.340 കിലോഗ്രാം സ്വര്‍ണ്ണം ഏഴ് യാത്രക്കാരില്‍ നിന്നായി പിടികൂടി. ഇതിന് പുറമെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗവും 4.5 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചിട്ടുണ്ട്.
സാധാരണമായി വീടുകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്വര്‍ണ്ണ കള്ളക്കടത്തിന്  മറയാക്കുന്നത്. വിചിത്രമായ അനുഭവങ്ങളാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതെന്ന് ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു. സ്വര്‍ണ്ണം മുക്കി കൊണ്ടുവന്നതോര്‍ത്ത്, സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ചെരുപ്പുകള്‍, സ്വര്‍ണ്ണബക്കിള്‍ പിടിപ്പിച്ച ബെല്‍റ്റുകള്‍, സ്വര്‍ണ്ണ ബട്ടന്‍, സ്വര്‍ണ്ണ താക്കോല്‍, സ്വര്‍ണ്ണം തേയ്ച്ച് പിടിപ്പിച്ച അടിവസ്ത്രം, മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം തുടങ്ങിയവയാണ് കണ്ടെടുത്തിട്ടുള്ളത്. ദിവസേന എന്നോണം കള്ളക്കടത്തുകാര്‍ സ്വര്‍ണ്ണം ഒളിപ്പിക്കുന്നതിന്റെ തന്ത്രങ്ങള്‍ മാറ്റി കൊണ്ടിരിക്കുന്നതായി കസ്റ്റംസിന് ബോധ്യപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടവരില്‍ ബഹുഭൂരിപക്ഷം പേരും കരിയര്‍മാര്‍ ആയതിനാല്‍ തുടരന്വേഷണം വഴിമുട്ടുകയാണ്. ഒരു കോടി വരെ വിലയുള്ള സ്വര്‍ണ്ണം കൊണ്ടുവരുന്ന യാത്രക്കര്‍ക്ക് ജാമ്യം കിട്ടുവാന്‍ നിലവിലുള്ള നിയമം അനുകൂലിക്കുന്നതിനാല്‍ പ്രതികള്‍ രക്ഷപ്പെടുവാനും എളുപ്പമാണ്.