LogoLoginKerala

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വര്‍ണവേട്ട

 
gold smuggling

കൊച്ചി- നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നു രാവിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി 1.40 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ എം.കെ ഹക്കീം, സുബൈര്‍ സുലൈമാന്‍, തൃശൂര്‍ സ്വദേശി നിസാമുദ്ദീന്‍ എന്നിവരാണ്  എയര്‍ കസ്റ്റംസിന്റെ പരിശോധനയില്‍ പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നും വന്ന എം.കെ ഹക്കീം 788 ഗ്രാം സ്വര്‍ണ മിശ്രിതമാണ് അനധികൃതമായി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇതിന് ഏകദേശം 39 ലക്ഷം രൂപയോളം വില വരും. സ്വര്‍ണ മിശ്രിതം ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരിന്നു അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് . മറ്റൊരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നും എത്തിയ സുബൈര്‍ സുലൈമാന്‍ എന്ന യാത്രക്കാരന്‍ 836 ഗ്രാം സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതിന് 44 ലക്ഷം രൂപ വില വരും. സ്വര്‍ണ മിശ്രിതത്തിന്റെ മൂന്ന് ക്യാപ്‌സ്യൂളുകളാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്. ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മടക്കി വിളിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ദുബൈയില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ യാത്രകാരന്‍ നിസാമുദ്ദീന്‍ 1063 ഗ്രാം സ്വര്‍ണമാണ് ശരീരത്തില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാല് ക്യാപ്‌സ്യൂളുകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇതിന് 57 ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും വലിയ തോതിലുള്ള സ്വര്‍ണവേട്ട നടക്കുന്നത്. മൂന്ന് കേസുകളും സംബന്ധിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.