LogoLoginKerala

പിടിച്ചെടുത്തത് ലഹരിയല്ല, ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയിലില്‍ കിടന്നത് രണ്ട് മാസം

എക്സൈസിന് ഗുരുതര വീഴ്ച
 
sheela sunny

ചാലക്കുടി- ബ്യൂട്ടിപാര്‍ലറില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്ത ഒരു ലക്ഷം രൂപ വിലയുള്ള എല്‍ എസ് ഡി സ്റ്റാമ്പ് ശാസ്ത്രീയ പരിശോധനയില്‍ കൗതുകവസ്തുവായി മാറി. തെറ്റിദ്ധരിക്കപ്പെട്ട എല്‍ എസ് ഡി സ്റ്റാമ്പിന്റെ പേരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി ജയിലില്‍ കഴിഞ്ഞത് രണ്ടര മാസം. ജെയില്‍ മോചിതയായ ചാലക്കുടിയിലെ 'ഷി സ്‌റ്റൈല്‍' ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ഇപ്പോള്‍ അന്വേഷണത്തിലാണ് തന്നെ കുടുക്കിയത് ആരെന്ന് കണ്ടെത്താന്‍.

ഫെബ്രുവരി 27നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരുടെ ബ്യൂട്ടി പാര്‍ലറിലെത്തിയത്. എവിടെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് ആരോ കൃത്യമായി ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഹരിവേട്ട വന്‍ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അധികമൊന്നും പരിശോധന വേണ്ടിവന്നില്ല. ഷീലാ സണ്ണിയുടെ ബാഗും കാറും മാത്രം പരിശോധിച്ചു. കാറില്‍ നിന്ന് എല്‍ എസ് ഡി സ്റ്റാമ്പ പിടിച്ചെടുക്കുകയും ചെയ്തു. തനിക്ക് ഒന്നുമറിയില്ലെന്നും ഇത് താന്‍ വെച്ചതല്ലെന്നുമൊക്കെ ഷീല സണ്ണി ഉദ്യോഗസ്ഥരോട് വിശദീകരിച്ചെങ്കിലും കുറ്റവാളിയുടെ തന്ത്രം മാത്രമായേ അവര്‍ അതിനെ കണ്ടുള്ളൂ. മാധ്യങ്ങളെ വിളിച്ചുവരുത്തി ഫോട്ടോ ഷൂട്ട് നടത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചാനലുകളും പത്രങ്ങളും ബ്യൂട്ടി പാര്‍ലറിലെ ലഹരി വേട്ട ആഘോഷിച്ചു.

പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനക്കായി അയച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ടര മാസമാകുമ്പോഴാണ് പിടിച്ചെടുത്തത് എല്‍ എസ് ഡി സ്റ്റാമ്പല്ലെന്നും അതില്‍ മയക്കുമരുന്നില്ലെന്നുമുള്ള രാസപരിശോധനാ ഫലം വരുന്നത്. നിരപാരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടതോടെ ഇവര്‍ ജെയില്‍ മോചിതയായി. പക്ഷെ നഷ്ടപ്പെട്ട തന്റെ സല്‍പ്പേരും ബിസിനസും തിരിച്ചു പിടിക്കാന്‍ ഷീല സണ്ണിക്ക് തന്നെ കുടുക്കിയവര്‍ ആരെന്നു കൂടി കണ്ടെത്തണം. ശത്രുക്കളില്ലാത്ത തന്നോട് ഈ കടുംകൈ ചെയ്ത കാണാമറയത്തെ ശത്രു ആരെന്ന് അവര്‍ക്ക് ഒരു ഊഹം പോലുമില്ല.