LogoLoginKerala

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്; എന്‍ ഐ എ വിളിപ്പിച്ച ഡല്‍ഹി സ്വദേശി ജീവനൊടുക്കിയ നിലയിൽ

 
Death
കൊച്ചി- എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസില്‍ എന്‍ ഐ എ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഡല്‍ഹി സ്വദേശിയെ എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഒഖ്‌ല ജിഷ്മ നഗര്‍ ഷഹീന്‍ ബാഗ് അബ്ദുല്‍ ഫസല്‍ എന്‍ക്ലേവില്‍ മുഹമ്മദ് ഷാഫിക്ക് മജീദുള്ള (46)ആണ് കഴിഞ്ഞ രാത്രിയില്‍ എറണാകുളം സൗത്തിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചത്.
ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മരിച്ച മജീദുള്ളയുടെ മകന്‍ മുഹമ്മദ് മോനിയെ എന്‍ ഐ എ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയതാണ്. ഇവരുടെ വീട്ടില്‍ നേരത്തെ എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. പിതാവിനൊപ്പം ചൊവ്വാഴ്ച കൊച്ചിയിലെത്തിയ മുഹമ്മദ് മോനിയെ കഴിഞ്ഞ ദിവസം എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതായാണ് സൂചന.
ഹോട്ടലില്‍ മുറിയെടുത്തതു മുതല്‍ മജീദുള്ള പലപ്പോഴും അസ്വസ്ഥനായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. ഇന്ന് പുലര്‍ച്ചെ കുളിമുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. സൗത്ത് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനും വിശദമായ ഫൊറന്‍സിക് പരിശോധനക്കും ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ. ഡല്‍ഹിയില്‍ നിന്നും ഇയാളുടെ ബന്ധുക്കള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്.