ക്വട്ടേഷൻ തലവൻമാരായ വൈപ്പിന്‍ ലിബിനും ഡാര്‍ക്ക് അങ്കിളും തോക്കുമായി പിടിയിൽ
Apr 12, 2023, 22:33 IST
കൊച്ചി- കൊച്ചിയിലെ മയക്ക് മരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്ന ക്വട്ടേഷന്‍ ഗുണ്ടാത്തലവനും കൂട്ടാളിയും എക്‌സൈസിന്റെ പിടിയിലായി. ഞാറക്കല്‍ കൊല്ലവേലിയകത്ത് വീട്ടില്‍ വൈപ്പിന്‍ ലിബിന്‍ (ജീംബ്രൂട്ടന്‍- 27), നായരമ്പലം കിടുങ്ങാശ്ശേരിക്കര കൊല്ലവേലിയകത്ത് വീട്ടില്‍ ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍- 32) എന്നിവരാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ അക്ഷന്‍ ടീമിന്റെയും എറണാകുളം എക്‌സൈസ് ഇന്റലിജന്‍സിന്റെയും ഞാറയ്ക്കല്‍ പോലീസിന്റെയും ഞാറയ്ക്കല്‍ എക്‌സൈസിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരില്‍ നിന്നും ഫുള്‍ ലോഡ് ചെയ്ത ഒരു കൈത്തോക്ക്, മൂന്ന് ഗ്രാം എം. ഡി. എം. എ, രണ്ട് ഗ്രാം ചരസ് എന്നിവ കണ്ടെടുത്തു.
കൊച്ചിയിലെ പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന വൈപ്പിന്‍ ലിബിന്‍ ആ സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി ക്വട്ടേഷന്‍ ടീം രൂപപ്പെടുത്തുകയായിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനി ആശാന്‍ സാബു എന്ന ശ്യാമിനെ നേരത്തെ തന്നെ എക്‌സൈസ് സ്‌പെഷ്യല്‍ അക്ഷന്‍ ടീം മയക്ക് മരുന്നുമായി പിടികൂടിയിരുന്നു. ഇയാള്‍ റിമാന്റില്‍ കഴിഞ്ഞ് വരവെയാണ് സംഘത്തലവന്‍ എക്‌സൈസിന്റെ പിടിയിലായത്. വൈപ്പിന്‍ ലിബിന്റെ സംഘത്തില്‍പ്പെട്ടവരാണ് ബാംഗ്ലൂരില്‍ നിന്ന് വന്‍തോതില്‍ രാസലഹരി കൊച്ചിയിലേക്ക് കടത്തികൊണ്ട് വന്നിരുന്നത്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ ഈ രാസലഹരിയുടെ വിലയുറപ്പിക്കലും വില്‍പ്പനയും നിയന്ത്രിച്ച് വന്നിരുന്നത് വൈപ്പിന്‍ ലിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
മയക്ക് മരുന്ന് കടത്ത് കൂടുതല്‍ സുഗമമാക്കുന്നതിന് ഇയാളുടെ സംഘത്തില്‍ പെട്ടവര്‍ ബാംഗ്ലൂരില്‍ റൂമെടുത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞത്. വൈപ്പിന്‍ ലിബിന്റെ ഓര്‍ഡര്‍ ലഭിച്ചാല്‍ ഉടന്‍ ബാംഗ്ലൂരുള്ള സംഘാംഗങ്ങള്‍ മയക്ക് മരുന്ന് വാങ്ങി സ്റ്റോക്ക് ചെയ്യുകയും കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരെത്തുന്ന ഇയാളുടെ സംഘത്തില്‍ പെട്ടവര്‍ക്ക് എളുപ്പത്തില്‍ കൈമാറുകയും ചെയ്യുന്നതായിരുന്നു രീതി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു