LogoLoginKerala

സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; 23ന് ചോദ്യം ചെയ്യലിന് ഹാജരാകണം

 
k sudhakaran

കൊച്ചി- പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചു. ഈ മാസം 23-ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരാകില്ലെന്ന് സുധാകരന്‍ അറിയിച്ചതോടെയാണ് പുതിയ നോട്ടീസ് നല്‍കിയത്. ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം സുധാകരന്‍ ചോദിച്ചിരുന്നു.

കേസില്‍ സുധാകരനെതിരേ തെളിവുകള്‍ ശക്തമായതിനാല്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നാണ് അന്വേഷണസംഘം പറയുന്നത്.  അന്വേഷണവുമായി സഹകരിക്കില്ലെന്ന നിലപാട് സുധാകരന്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമോപദേശം തേടും.

അതേസമയം ഹൈക്കോടതിയെ സമീപിക്കാന്‍ കെ സുധാകരന്‍ നീക്കം നടത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ അന്വേഷണം തടസപ്പെടുത്തുന്ന വിധത്തില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ലെങ്കിലും മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മുന്നിലുണ്ട്. സുധാകരന്‍ കോടതിയെ സമീപിച്ചാല്‍ ക്രൈംബ്രാഞ്ച് ചില സംസാരിക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന ആശങ്ക സുധാകരനുണ്ട്. 

വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്.