LogoLoginKerala

എം വി ഗോവിന്ദന്റെ പോക്‌സോ പരാമര്‍ശം; പരാതിക്കാരന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

 
mv govindan

കൊച്ചി-കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന പരാതിയില്‍ പ്രഥമികാന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പരാതിക്കാരനായ പായ്ച്ചിറ നവാസില്‍ നിന്ന് മൊഴിയെടുത്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.  കലാപആഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

തന്റെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ എം വി ഗോവിന്ദനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് മൊഴിയെടുക്കലിന് ശേഷം പായ്ച്ചിറ നവാസ് പറഞ്ഞു. അതല്ല താനാണ് തെറ്റായ കാര്യങ്ങള്‍ പറഞ്ഞതെങ്കില്‍ തനിക്കെതിരെ കേസെടുക്കാം. ദേശാഭിമാനിയെ ഉദ്ധരിച്ചാണ് എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചതെന്ന് പറയുന്നത് ശരിയല്ല. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ എം വി ഗോവിന്ദന് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാകേണ്ടതുണ്ട്. ദേശാഭിമാനി വാര്‍ത്ത ഉദ്ധരിച്ചാണെങ്കില്‍ അടുത്ത ഘട്ടത്തില്‍ ദേശാഭിമാനിക്കെതിരെയും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദേശാഭിമാനി വാര്‍ത്ത ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരാമര്‍ശിച്ചത്.  പോക്‌സോ കേസില്‍ കോടതി വിചാരണ നടത്തി ശിക്ഷിച്ച മോന്‍സന്‍ മാവുങ്കല്‍ പീഡിപ്പിച്ച സമയം കെ.സുധാകരന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നതായി  പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടെന്നും മോന്‍സന്‍ പ്രതിയായ  വഞ്ചനാകേസില്‍ രണ്ടാം പ്രതിയായ കെ.സുധാകരനെ പോക്‌സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.