പുരാവസ്തു തട്ടിപ്പ് കേസ്; സുധാകരനെ ചോദ്യം ചെയ്തത് ഏഴര മണിക്കൂര്‍

കൊച്ചി-മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് ഏഴരമണിക്കൂറോളം. രാവിലെ 11.15 ഓടെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏഴരമണിയോടെയാണ് അവസാനിച്ചത്. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാര്‍ നല്‍കിയ മൊഴി,അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 150 ല്‍ അധികം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സുധാകരനില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രധാനമായും തേടിയത്. ചോദ്യം ചെയ്യലിനിടെ പരാതിക്കാരായ കോഴിക്കോട് സ്വദേശി എം ടി ഷമീര്‍, തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദ് എന്നിവരില്‍നിന്ന് ഓണ്‍ലൈനിലൂടെയും മൊഴിയെടുത്തു. മോന്‍സണെ ന്യായീകരിച്ച്് സുധാകരന്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. പത്ത് ലക്ഷം രൂപ മോന്‍സണ്‍ കെ സുധാകരന് നല്‍കിയതിനുള്ള തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവറുടെ മൊഴിയും രണ്ട് ജീവനക്കാരുടെ മൊഴിയുമാണ് സുധാകരനെതിരെയുള്ള തെളിവായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സണ് കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്‍സന്‍ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞു മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. 2018 നവംബര്‍ 22ന് കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ച് സുധാകരന്‍ ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കിയെന്നും ഈ വിശ്വാസത്തില്‍ നല്‍കിയ 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്നുമാണ് പരാതി.അഡ്വ. മാത്യു കുഴല്‍നാടന്‍, എം ലിജു, വി പി സജീന്ദ്രന്‍, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കെ സുധാകരന്‍ എത്തിയിരുന്നത്.