ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ അധിക്ഷേപിച്ച സൈബര്‍ സാഖാക്കള്‍ കുടുങ്ങും

കൊട്ടാരക്കരയില്‍ യുവഡോക്ടറെ പോലീസ് കൊണ്ടുവന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനും പോലീസിനുമെതിരെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ക്കെതിരെ സൈബറിടത്തില്‍ പ്രതികരിച്ച ഇടത് അനുകൂലികള്‍ കോടതിയലക്ഷ്യഭീഷണിയില്‍. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ അധിക്ഷേപിക്കുന്നതരത്തില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിട്ട നാലുപേര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് അനുമതിതേടി മരട് സ്വദേശി എന്‍. പ്രകാശ് അഡ്വക്കേറ്റ് ജനറലിന് ഹര്‍ജിനല്‍കി. ഡോ.കെ.പി. അരവിന്ദന്‍, എം.ആര്‍. അതുല്‍കൃഷ്ണ, ഗോപകുമാര്‍ മുകുന്ദന്‍, നെല്‍വിന്‍ എന്നീ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുടെ ഉടമകള്‍ക്കെതിരേയാണ് നടപടിക്ക് അനുമതിതേടിയിരിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിലപാടാകും തുടര്‍ നടപടിയുടെ കാര്യത്തില്‍ നിര്‍ണായകമാകുക.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ അതിരൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ഇവര്‍ ഉയര്‍ത്തിയത്. ദേവന്‍ രാമചന്ദ്രന്‍ വെറുമൊരു ഹൈക്കോടതി ജഡ്ജിയല്ലേ ഇഹലോകത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ സാക്ഷാല്‍ ദേവനൊന്നുമല്ലോ എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാതോളജി ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ പ്രൊഫസറായ കെ.പി അരവിന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'ഇവനൊക്കെ ആരാണ്...! ഒരു സംഭവത്തില്‍ ഒരുപക്ഷെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മുന്‍പേ സിറ്റിംഗ് നടത്തുമെന്ന് പ്രഖ്യാപിക്കാനും മാപ്രകള്‍ക്കുവേണ്ടി ഇതുപോലത്തെ ഭരത്ചന്ദ്രന്‍ ഡയലോഗ് അടിക്കാനും. ഇങ്ങനെയാണെങ്കില്‍ പിന്നെ എക്സിക്യൂട്ടിവും അഡ്മിനിസ്ട്രേഷനും ഒന്നും വേണ്ടല്ലോ. ദേവന്മാരും കൊളീജിയം ടീമും കൂടി നാടുമൊത്തം ഒറ്റയ്ക്ക് അങ്ങ് ഭരിക്കട്ടെ. വെടിവെച്ചൂടേന്ന്.. പറ്റില്ലെങ്കില്‍ ആശുപത്രി അടച്ചുപൂട്ടാന്‍.. എന്തോന്നടെ.. ഇത്തരം ജഡ്ജിമാരെ ഭരണഘടനാപരമായി നിയന്ത്രിക്കണം. രാജ്യത്ത് ഭരണം നടത്താനാണ് എക്സിക്യൂട്ടീവ് ഉള്ളത്. സമാന്തര ഭരണം നടത്താന്‍ ജുഡീഷ്യറിക്ക് അധികാരമില്ല.'' ഡിവൈഎഫ്ഐ പ്രവര്‍ത്തകനും തൃശൂര്‍ സ്വദേശിയുമായ അതുല്‍ കൃഷ്ണ പ്രതികരിച്ചത് ഇങ്ങനെ.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുമായെത്തിയ പോലീസിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലേ എന്ന ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യത്തെ വിമര്‍ശിച്ച് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതും ചര്‍ച്ചയായി. തോക്ക് പരാമര്‍ശത്തിന് അങ്ങ് ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങളുണ്ട് മൈ ലോര്‍ഡ് എന്നാണ് രശ്മിത രാമചന്ദ്രന്‍ കുറിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിലെ പോലീസിന്റെ തോക്കുപയോഗത്തെക്കുറിച്ചുള്ള പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരക്ഷനല്‍കാനായില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന പരാമര്‍ശത്തെയും വിമര്‍ശിക്കുന്നു. പാര്‍ലമെന്റ് ആക്രമണത്തിനുശേഷം പാര്‍ലമെന്റ് പൂട്ടിയിടുകയല്ല ചെയ്തതെന്നും കേരള ഹൈക്കോടതിയുടെ മുകളില്‍നിന്നൊരാള്‍ ചാടിമരിച്ചതിനുശേഷവും കോടതി പ്രവര്‍ത്തിച്ചെന്നും പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു.
ജസ്റ്റിസ് ദേവന്‍രാമചന്ദ്രനെതിരെ സൈബറിടത്തില്‍ രൂക്ഷമായ ആക്രമണത്തിന് തുടക്കമിട്ടത് സര്‍വീസില്‍ നിന്നും രാജിവെച്ച ഒരു മുന്‍ ജഡ്ജിയാണ്. സംഘപരിവാര്‍ ബന്ധം ആരോപിച്ചായിരുന്നു വിമര്‍ശനങ്ങള്‍. അതിന്റെ പേരില്‍ നിയമനടപടിയും നേരിടേണ്ടിവന്നു.