പരാതിക്കാരനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി, പറഞ്ഞതെല്ലാം പച്ചക്കള്ളം; എം ടി ഷെമീര്‍

കൊച്ചി- മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത് പച്ചക്കള്ളമെന്ന് പരാതിക്കാരന്‍ എം ടി ഷെമീര്‍. സുധാകരന്‍ മോന്‍സനില്‍ നിന്നും പണം വാങ്ങിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും മോന്‍സണ് പണം നല്‍കിയ അനൂപ് വി അഹമ്മദുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ വിശ്വസിച്ചാണ് അനൂപ് മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത്.
മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം കൈപ്പറ്റുകയും അതില്‍ നിന്ന് കെ സുധാകരന്‍ പത്ത് ലക്ഷം വാങ്ങുകയും ചെയ്‌തെന്നാണ് രഹസ്യമൊഴി. എന്നാല്‍ കെ സുധാകരനെതിരെ യാതൊരു നടപടിയും എടുക്കാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ല. കേരള ഹൈക്കോടതി ഇടപെടലും എന്‍ഫോഴ്‌സെന്റ് സംഘത്തിന് വ്യക്തമായ തെളിവ് കിട്ടിയതുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നിലപാട് മാറ്റാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം കൈപ്പറ്റിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തത് സ്വാഗതം ചെയ്യുന്നു. ഇവരെ പ്രതി ചേര്‍ത്തില്ലെങ്കില്‍ താന്‍ തെളിവുമായി കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. കൂടുതല്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മോന്‍സന്‍ പണം കൈമാറിയതിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് തന്റെ പക്കലുണ്ട്. പല പ്രമുഖരും സിനിമാ സീരിയല്‍ താരങ്ങളും മാധ്യമപ്രവര്‍ത്തകരുമടക്കം മോന്‍സന്റെ പക്കല്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം ക്രൈം ബ്രാഞ്ചിന് കൈമാറി. മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യക്കും സിഐമാരായ അനന്ത ലാലിനും എ ബി വിപിനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ട്. മോന്‍സന്റെ ഭാര്യക്ക് നിരവധി തവണകളായി ചെറുതും വലുതുമായ സംഖ്യകള്‍ മോന്‍സന്റെ എക്കൗണ്ടില്‍ നിന്ന് നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷെമീര്‍ നല്‍കിയ ഹര്‍ജി ഈ മാസം 15 ന് കേരള ഹൈക്കോടതി പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ക്രൈം ബ്രാഞ്ച് നിലപാട് അനുസരിച്ചായിരിക്കും കേസില്‍ തങ്ങളുടെ തുടര്‍ സമീപനമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചാല്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.