ടിപ്പു, ഔറംഗസേബ് പോസ്റ്ററുകളെ ചൊല്ലി കോലാപൂരില്‍ വര്‍ഗീയ സംഘര്‍ഷം
പൂനെ-ടിപ്പു സുല്‍ത്താനെയും മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെയും അഭിനന്ദിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോലാപൂരില്‍ സംഘ്പരിവാര്‍ നടത്തിയ പ്രതിഷേധം മുസ്ലിം സമുദായവുമായുള്ള ഏറ്റുമുട്ടലുകളില്‍ കലാശിച്ചു. പ്രതിഷേധം ആരംഭിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ പോലീസ് ഇരു വിഭാഗങ്ങളെയും പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ശിവാജി ചൗക്കില്‍ വീണ്ടും പ്രതിഷേധിച്ചു. ആളുകള്‍ മടങ്ങുന്നതിനിടെ കല്ലേറുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടയില്‍, ഒരു സംഘം അക്രമികള്‍ മുസ്ലിം ഹോട്ടല്‍ വ്യാപാരിയെ ആക്രമിച്ചു. ഇയാളെ പിന്തുടരുന്നതും ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ചില സംഘടനകള്‍ ബന്ദിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് കോലാപൂര്‍ പോലീസ് സൂപ്രണ്ട് മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ചില ജില്ലകളില്‍ ഔറംഗസേബിന്റെ ചില കുട്ടികള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരുദ്ദേശ്യത്തോടെയാണ് ഔറംഗസേബിന്റെ ചിത്രങ്ങളും സ്റ്റാറ്റസുകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും എന്നാല്‍ ഇതിന് പിന്നില്‍ ആരായാലും കര്‍ശന നടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ശാന്തരാകണമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അഭ്യര്‍ത്ഥിച്ചു. നിയമം കൈയിലെടുക്കുന്ന ആരെയും വെറുതെ വിടില്ല. പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാധാരണക്കാരന്റെ ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്നും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.