LogoLoginKerala

ബ്രിജ്ഭൂഷണെതിരെ പോക്‌സോ കേസ് ഒഴിവാക്കി കുറ്റപത്രം, തുണച്ചത് പെണ്‍കുട്ടിയുടെ മൊഴിമാറ്റം

 
brijbhushan

ന്യൂഡല്‍ഹി- ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോക്സോ കേസില്ല. പോക്സോ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നാണ് പൊലീസിന്റെ വാദം. എഫ് ഐ ആറില്‍ ചുമത്തിയിരുന്ന പോക്സോ കുറ്റം ഒഴിവാക്കാന്‍ പ്രത്യേക റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചു. ജൂലൈ 4 ന് കേസ് വീണ്ടും പരിഗണിക്കും. പോക്സോ കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 

അതേസമയം മറ്റു ആറു ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ ബ്രിജ്ഭൂഷണെതിരെ ലൈംഗിക പീഡനക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ബ്രിജ് ഭൂഷനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 354, 354 എ, 354 ഡി എന്നിവ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ബ്രിജ്ഭൂഷണ്‍, ബന്ധുക്കള്‍, ജീവനക്കാര്‍, ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ 182 പേരുടെ മൊഴി ഇതുവരെ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നെന്ന് ആരോപിക്കപ്പെടുന്ന ടൂര്‍ണമെന്റുകള്‍ നടന്ന സമയത്ത് താരങ്ങള്‍ താമസിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, ഫോട്ടോകള്‍ എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഏപ്രില്‍ 21നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതോടെ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ സമരം തുടങ്ങി. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ ഒരാഴ്ചത്തേക്ക് സമരം നിര്‍ത്തിവെച്ച് കായിക താരങ്ങള്‍ ജോലിയില്‍ പ്രവേശിച്ചത്.

ബ്രിജ്ഭൂഷണെ രക്ഷിക്കാന്‍ നടത്തിയ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന് പെണ്‍കുട്ടി മൊഴിമാറ്റിയതാണ് പോക്‌സോ കേസ് ഒഴിവാകാന്‍ കാരണം. ബ്രിജ്ഭൂഷണെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് മൊഴിമാറ്റി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് പറയുകയുണ്ടായി. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നല്‍കിയത് വ്യാജ പീഡന പരാതിയാണെന്നും  മകള്‍ക്ക് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്നതിന്റെ വിരോധം മൂലമാണ് വ്യാജപരാതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.ഈ ഘട്ടത്തിലെങ്കിലും തെറ്റു തിരുത്തേണ്ടത് തന്റെ കടമയാണ്. കോടതിയില്‍ എത്തുന്നതിനു മുന്‍പു തന്നെ സത്യം പുറത്തുവരട്ടെയെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.