LogoLoginKerala

ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ സി ബി ഐ, വെട്ടിലായി യു ഡി എഫും എല്‍ ഡി എഫും

 
cbi

ന്യൂഡല്‍ഹി- മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍കോഴ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സി.ബി.ഐ. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് സി.ബി.ഐ. കൊച്ചി യൂണിറ്റ് എസ്.പി. എ. ഷിയാസ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.  സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. കെ.എം. മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
2014-ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ.എം. മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചതോടെയാണ് ബാര്‍കോഴക്കേസിന്റെ തുടക്കം. അടഞ്ഞു കിടന്ന 418 ബാറുകള്‍ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയതെന്നും അഞ്ച് കോടി രൂപ ആയിരുന്നു കെ.എം. മാണി ആവശ്യപ്പെട്ടിരുന്നത് എന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
2015-ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും, ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നു. രണ്ട് ഘഡുക്കളായി ഈ തുക എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ വച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും, എക്‌സൈസ് മന്ത്രി കെ. ബാബുവിന് അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020-ല്‍ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നുവെന്നും സി.ബി.ഐ. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

യു ഡി എഫിനും എല്‍ ഡി എഫിനും ഒരു പോലെ തലവേദന സൃഷ്ടിക്കുന്നതാണ് സി ബി ഐ നീക്കം. ആരോപണ വിധേയനായ കെ എം മാണിയുടെ പാര്‍ട്ടി ഇപ്പോള്‍ എല്‍ ഡി എഫിലാണെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി മുന്നണിയിലേക്ക് കൊണ്ടുവരാന്‍ തീവ്രശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സി ബി ഐയുടേത് ബി ജെ പിയുടെ താല്‍പര്യപ്രകാരമുള്ള നീക്കമാണെന്ന് കോണ്‍ഗ്രസും സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് സി പി എമ്മും കുറ്റപ്പെടുത്തി.