LogoLoginKerala

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്ക്‌ഡെക്കെതിരെ സി ബി ഐ കേസ്

 
sharukh

ഷാരൂഖിന്റെ മകനെ മയക്കുമരുന്നു കേസില്‍ നിന്നൊഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടു

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന എന്‍സിബി മുംബൈ സോണല്‍ ചീഫ് സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. ആര്യനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്ക്‌ഡെ.

സമീര്‍ വാങ്ക്‌ഡെയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തി. കേസന്വേഷിക്കവേ സമീര്‍ വാങ്കഡെയെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതേസമയം വേണ്ടത്ര തെളിവ് കണ്ടെത്താനാകാഞ്ഞതിനാല്‍ ആര്യന്‍ ഖാനെ കഴിഞ്ഞ മെയിലാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കെയാണ് സമീര്‍ വാങ്കഡെയെ അന്വേഷണത്തില്‍ നിന്ന് നീക്കിയത്. എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകന്‍ ഉള്‍പ്പെട്ട കേസ് അടക്കം സമീര്‍ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളില്‍ നിന്നും സമീറിനെ മാറ്റിയിരുന്നു.

ലഹരിപ്പാര്‍ട്ടി സംഘത്തെ ആഡംബര കപ്പലില്‍ നിന്നും സമീര്‍ വാങ്കഡെയും സംഘവും കസ്റ്റഡിയിലെടുത്തത് അതി വിദഗ്ധമായ ആസൂത്രണത്തിലൂടെയാണ്. മുംബൈയില്‍ ബോളിവുഡ് താരങ്ങളുടേയും വന്‍ വ്യവസായികളുടേയും മക്കള്‍ സ്ഥിരമായി ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നെന്ന് മുന്‍പും എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, പലരേയും കൃത്യമായി നിരീക്ഷിച്ചെങ്കിലും ഇത്തരക്കാരെ ലഹരിയോടെ കൈയോടെ പിടികൂടാന്‍ എന്‍സിബിക്ക് ആയിരുന്നില്ല.

കോര്‍ഡെലിയ ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന് സമീര്‍ വാങ്കഡെയ്ക്കു വിവരം ലഭിക്കുന്നത് ചില മയക്കുമരുന്ന് ഇടനിലക്കാരുടെ ആശയവിനിമയം ചോര്‍ത്തിയതോടെയാണ്. എന്നാല്‍, വന്‍സ്രാവുകളാണ് കപ്പലില്‍ ഉള്ളതെന്ന് എന്‍സിബിക്ക് വിവരം ഉണ്ടായിരുന്നില്ല. ഫാഷന്‍ ടിവിയുടെ പേരിലാണ് കപ്പലില്‍ ഡാന്‍ഡ് പാര്‍ട്ടി ഒരുക്കിയിരുന്നത്. ഈ പാര്‍ട്ടിയിലേക്ക് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പ്രത്യേക അതിഥിയായി എത്തിക്കുകയായിരുന്നു.