LogoLoginKerala

മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പി. ഡി. പി. നേതാവിനെതിരെ കേസ്

 
nizar mather

കൊച്ചി - വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്ന് പി.ഡി.പി നേതാവിനെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കൊച്ചിയിലെ മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. 

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രാ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പി.ഡി.പി ചുമതലപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയായ നിസാറിനെയായിരുന്നു. ഇതനുസരിച്ച് മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തക നിസാറില്‍നിന്നും അന്വേഷിച്ചിരുന്നു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നിസാറിന്റെ രീതി മാറിയെന്നും രാത്രി വൈകിയും ഇയാള്‍ അശ്ലീല സന്ദേശം അയച്ചതായും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ചൂണ്ടിക്കാട്ടി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇയാള്‍ നിരന്തരം ശല്യം ചെയ്തു. വിലക്കിയിട്ടും നിസാര്‍ ശല്യം ചെയ്യുന്നതില്‍നിന്ന് പിന്മാറിയില്ലെന്നും തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പ്രതികരിച്ചു.

അതേസമയം ആരോപണം ആരും വിശ്വസിക്കരുതെന്നും നടന്ന സംഭവങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പറയുമെന്നും നിസാര്‍ മേത്തര്‍ പ്രതികരിച്ചു.