LogoLoginKerala

ഭൂമി തരം മാറ്റുന്നതിനായി കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

 
bribe

കൊച്ചി-  ഭൂമി തരം മാറ്റുന്നതിനായി പ്രവാസിയില്‍ നിന്നും കൈക്കൂലി വാങ്ങിയ പുത്തന്‍വേലിക്കര കൃഷി അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.  നേര്യമംഗലം കൂത്താടിയില്‍ വീട്ടില്‍ കെ.എഫ്. പ്രജില്‍
(40) എന്ന കൃഷി അസിസ്റ്റന്റിനെയാണ് വളരെ നാടകീയമായി വിജിലന്‍സ് പിടികൂടിയത്. തുരുത്തൂര്‍ കാച്ചപ്പിള്ളി വിജുവിന്റെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്ന വിജുവിന് പുത്തന്‍വേലിക്കരയില്‍ ഒമ്പത് സെന്റ് സ്ഥലവും, ഭാര്യയുടെ പേരില്‍ 8.5 സെന്റ് സ്ഥലവുമുണ്ട്. ഈ രണ്ട് വസ്തുക്കളും ഡേറ്റാ ബാങ്കില്‍ നിലമായാണ് കാണിച്ചിട്ടുള്ളത്.  ഇവ പുരയിടമാക്കാന്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ വിജു അക്ഷയ വഴി അപേക്ഷ നല്‍കി. നവംബറില്‍ അന്വേഷിച്ചപ്പോള്‍ ആര്‍.ഡി.ഒ കൃഷിഭവനില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി അറിഞ്ഞു. നവംബര്‍ 30ന് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു പോകും മുന്‍പ് കൃഷി ഓഫിസറെ കണ്ടു വിവരം പറഞ്ഞു ബന്ധുവിന്റെ നമ്പര്‍ നല്‍കി. എന്നാല്‍ ഫെബ്രുവരി വരെ തുടര്‍നടപടിയുണ്ടായില്ല.
കഴിഞ്ഞ 18ന് നാട്ടിലെത്തിയ വിജു കൃഷി ഓഫിസറെ വിളിച്ചപ്പോള്‍ 21ന് വന്നാല്‍ കൃഷി അസിസ്റ്റന്റിനെ സ്ഥലം കാണാന്‍ അയയ്ക്കാമെന്ന് അറിയിച്ചു. 21ന് രാവിലെ11ന് കൃഷി ഓഫിസിലെത്തിയ വിജു, പ്രജിലിനൊപ്പം പോയി രണ്ടു സ്ഥലങ്ങളും കണ്ടു. രണ്ടു മൂന്നു മാസം എടുക്കുന്ന കേസാണിതെന്നും അത്യാവശ്യമായതിനാലാണ് കൂടെ വന്നതെന്നും പ്രജില്‍ പറഞ്ഞു. അന്നു വൈകിട്ട് വിജുവിനെ ഫോണ്‍ ചെയ്ത പ്രജില്‍ കൈക്കൂലി വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന മറ്റൊരാളുടെ ഗൂഗിള്‍ പേ നമ്പര്‍ നല്‍കി. കൈക്കൂലി നല്‍കി കാര്യം നടത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍  തിരുവനന്തപുരം വിജിലന്‍സ് ഓഫിസില്‍ വിളിച്ചു വിജു പരാതി പറഞ്ഞു. തുടര്‍ന്ന് എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി വിജുവിനെ വിളിച്ചു പറവൂര്‍ കോടതിയുടെ മുന്നില്‍ വരാന്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വിജു, പ്രജിലിനെ ഫോണ്‍ ചെയ്ത് എത്ര തുകയാണ് വേണ്ടതെന്ന് ചോദിച്ചു. കുറഞ്ഞത് 5000 രൂപ വേണം. കൂടുതല്‍ എത്രയായാലും പ്രശ്‌നമില്ലെന്ന് പ്രജില്‍ പറഞ്ഞു. ഗൂഗിള്‍ പേ ഇല്ലെന്നും പണമായി  തരാമെന്നും വിജു പറഞ്ഞപ്പോള്‍ പുത്തന്‍വേലിക്കരയിലെ ഒരു ബേക്കറിയില്‍ കാണാമെന്ന് പ്രജില്‍ മറുപടി നല്‍കി. ഇന്നലെ രാവിലെ വിജിലന്‍സ് എറണാകുളം ഓഫിസിലെത്തിയ വിജുവിന്റെ കൈവശം ഉണ്ടായിരുന്ന 500 ന്റെ 10 നോട്ടുകളില്‍ ഉദ്യോഗസ്ഥര്‍ രാസവസ്തു പുരട്ടി പേപ്പറില്‍ പൊതിഞ്ഞു തിരികെ നല്‍കി. തുടര്‍ന്ന് വിജിലന്‍സ് ഡിവൈ.എസ്.പി എന്‍. ബാബുകുട്ടന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും വിജുവും പുത്തന്‍വേലിക്കരയില്‍ എത്തി.
പ്രജിലിനെ വിളിച്ച് ബേക്കറിയില്‍ എത്താന്‍ വിജു ആവശ്യപ്പെട്ടു. ഇവിടെ എത്തിയ പ്രജില്‍ വിജുവിനെ ഒരു മറയിലേക്ക് കൊണ്ടുപോയി പണം വാങ്ങി. ഈ സമയം മൂന്ന് ഉദ്യോഗസ്ഥര്‍ ബേക്കറിയില്‍ ഉണ്ടായിരുന്നു. സംശയം തോന്നിയ പ്രജില്‍ പണം സമീപത്തെ പറമ്പിലേക്ക് എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.