LogoLoginKerala

മറുനാടനെ പൃഥ്വിരാജും ചുരുട്ടിക്കെട്ടി, കള്ളവാര്‍ത്ത കൊടുക്കരുതെന്ന് കോടതിയുടെ താക്കീത്

 
marunadan

കൊച്ചി- നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മറുനാടന്‍ മലയാളി ചാനലിനെ തടഞ്ഞുകൊണ്ട് എറണാകുളം അഡീഷണല്‍ സബ് ജഡ്ജി തിങ്കളാഴ്ച ഉത്തരവിട്ടു. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൃഥ്വിരാജ് നല്‍കിയ സിവില്‍ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവ്. കേസില്‍ ഷാജന്‍ സ്‌കറിയക്ക് കോടതി നോട്ടീസയച്ചു.  

തന്നെ നികുതി വെട്ടിപ്പുകാരനും കള്ളപ്പണക്കാരനും പ്രൊപ്പഗാണ്ട സിനിമകളെടുക്കുന്ന ആളുമായി ചിത്രീകരിക്കുക വഴി ഉണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡിനെ തുടര്‍ന്ന് പൃഥ്വിരാജ് 25 കോടി രൂപ പിഴയടച്ചെന്നായിരുന്നു കഴിഞ്ഞ മാസം മറുനാടന്‍  ഓണ്‍ലൈനിലും യുട്യൂബ് ചാനലിലും പ്രചരിപ്പിച്ച വ്യാജവാര്‍ത്ത. ഖത്തര്‍ ആസ്ഥാനമായ ചില മാഫിയകള്‍ ഒഴുക്കുന്ന കള്ളപ്പണം ഉപയോഗിച്ച് പൃഥ്വിരാജ് പ്രൊപ്പഗാണ്ട സിനിമകള്‍ നിര്‍മിക്കുന്നുവെന്ന പച്ചക്കള്ളവും വര്‍ഗീയത തലക്കുപിടിച്ച മറുനാടന്‍ ഉടമ ഷാജന്‍ സ്‌കറിയ പ്രചരിപ്പിച്ചു. 

ആദ്യത്തെ രണ്ടു വ്യാജവാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പൃഥ്വിരാജ് ആരോപണങ്ങള്‍ നിഷേധിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും നടന്‍ മുന്നറിയിപ്പു നല്‍കി. അതിനു ശേഷവും പൃഥ്വിരാജ് നികുതിവെട്ടിപ്പിന് പിഴയടച്ചുവെന്ന് ആവര്‍ത്തിച്ച് മറുനാടന്‍ ഷാജന്‍ വീഡിയോ പ്രചരിപ്പിച്ചു. 

വസ്തുതകള്‍ പരിശോധിക്കാതെയും തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയും  ഏകപക്ഷീയമായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുക വഴി പ്രാഥമികമായ മാധ്യമ മര്യാദ പോലും ലംഘിച്ചെന്ന് പൃഥ്വിരാജ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനമില്ലാത്ത ഇത്തരം അപവാദ പ്രചാരണങ്ങളിലൂടെ ചാനലിന്റെ വ്യൂവര്‍ഷിപ്പ് കൂട്ടുകയാണ് മറുനാടന്റെ ലക്ഷ്യമെന്നും വ്യാജവാര്‍ത്തയാണെന്ന ഉത്തമ ബോധ്യത്തോടെയാണ് ഇയാള്‍ തനിക്കെതിരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും ഇത് തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നു പൃ്ഥ്വിരാജ് ചൂണ്ടിക്കാട്ടി.