ആലുവയിലെ കുട്ടിയുടെ കൊലപാതകം: പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍.
ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍. പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി മൊഴി നല്‍കി. ഇയാള്‍ ഒറ്റയ്ക്ക് കൃത്യം നിര്‍വഹിച്ചെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബിഹാറിലേക്ക് പോകും.
വെള്ളിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍ എട്ട് വര്‍ഷമായ താമസിച്ചിരുന്ന ബിഹാറി ദമ്പതികളുടെ മകളെ കാണാതായത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വെച്ച നിലയിലായിരുന്നു മൃതദേഹം.
തുടക്കത്തില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി വ്യക്തമാവുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചും മുറിവേല്‍പ്പിച്ചു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയതെന്നും കണ്ടെത്തി. ഒന്നര വര്‍ഷം മുമ്പ് കേരളത്തിലെത്തിയ അഫ്‌സാഖ് മൊബൈല്‍ മോഷണ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ്. ഇയാള്‍ വിവിധയിടങ്ങളില്‍ നിര്‍മാണ് ജോലികള്‍ ചെയ്ത ശേഷമാണ് ബിഹാര്‍ സ്വദേശികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ താമസിക്കാനെത്തിയത്.
നേരത്തെ അഞ്ചു വയസുകാരിയുടെ മൃതദേഹം ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ശ്മശാനത്തിലെത്തിച്ചത്. സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.