LogoLoginKerala

ചെറുതോണിയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമക്ക് നേരെ ആസിഡ് ആക്രമണം

 
acid attack

ഇടുക്കി- ചെറുതോണിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമക്ക് നേരെ ആസിഡ് ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗസംഘം, ആക്രമണത്തിനിരയായ വ്യാപാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചു; അക്രമണം നടത്തിയത് എന്തിനെന്നോ ആരാണ് അക്രമിച്ചതെന്നോ വ്യക്തമല്ല.

ഇന്നലെ രാത്രി 10.30  ഓടെയാണ് ആക്രമണം ഉണ്ടായത്. ചെറുതോണിയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന പഞ്ഞിക്കാട്ടില്‍  ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സ്ഥാപനം അടച്ച ശേഷം കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ലൈജുവിനെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ കൈ കാണിച്ച് നിര്‍ത്തി. തുടര്‍ന്ന് നാളെ രാവിലെ എപ്പോഴാണ് മെഡിക്കല്‍ സ്റ്റോര്‍ തുറക്കുന്നത് എന്ന് അന്വേഷിച്ചു. ഇവരുമായി സംസാരിക്കുവാന്‍ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയ സമയത്താണ് ബൈക്കില്‍ ഇരുന്നവര്‍ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ഉടനെ ലൈജു നിലവിളിക്കുകയും സമീപവാസികള്‍ ഓടിയെത്തി ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ആയിരുന്നു. ഈ സമയത്തിനിടെ ആക്രമികള്‍ രക്ഷപ്പെട്ടു. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഉള്‍പ്പെടെ പരുക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


ഇടുക്കി പോലീസ് സ്റ്റേഷന് 200 മീറ്റര്‍ അടുത്താണ് ഈ സംഭവം നടന്നത്. ചെറുതോണിയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യം അരങ്ങേറിയത്. വ്യാപാരികളുമായും ജനങ്ങളുമായും  ഏറെ സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയാണ് ആക്രമണത്തിന് ഇരയായ ലൈജു. ഇതുകൊണ്ടുതന്നെ ആക്രമണം നടത്തിയവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സിസിടിവി ഫുട്ടേജുകള്‍ പരിശോധിച്ച് ആക്രമണം നടത്തിയവരെ പിടികൂടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.