LogoLoginKerala

പ്രതി ഡോക്ടറെ കുത്തിക്കൊന്നു, ആക്രമണം ആശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ

 
murder

നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനായ പ്രതി സന്ദീപ് ലഹരിമരുന്നിന് അടിമ

 


കൊല്ലം- കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സ്‌കൂള്‍ അധ്യാപകനായ പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് (23) ആണ് മരിച്ചത്. പ്രതി സന്ദീപ് ആറു കുത്തുകളേറ്റ് സ്പൈനല്‍ കോഡിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വീട്ടില്‍ അടിപിടിയുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി സന്ദീപിനെ പുലര്‍ച്ചെ നാലു മണിയോടെയാണ് വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ചത്. പ്രതിയുടെ കാലില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ഇത് ചികിത്സയ്ക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡ്രസ്സിംഗിനിടെ ഡോക്ടറുടെ മേശയില്‍ നിന്നും കത്രിക മോഷ്ടിച്ച ഇയാള്‍ ചികിത്സ കഴിഞ്ഞതോടെ എല്ലാവരേയും ആക്രമിക്കുകയായിരുന്നു. ഡോക്ടറെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു ഡോക്ടര്‍ അടക്കം അഞ്ചു പേര്‍ക്ക് കുത്തേറ്റു. ഡോ. വന്ദനയ്ക്ക് പുറമേ മറ്റൊരു ഡോക്ടര്‍ ഒരു പോലീസുകാരന്‍, സെക്യുരിറ്റി ജീവനക്കാരന്‍, പ്രതിയുടെ ഒരു ബന്ധു എന്നിവരെയും ഇയാള്‍ ആക്രമിച്ചു. ആക്രമണത്തെ തുടര്‍ന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടുവെങ്കിലും ഡോക്ടര്‍ മുറിയില്‍ ഒറ്റപ്പെട്ട് പോകുകയായിരുന്നു.

ആന്തരികാവയവങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ള മാരകമായ പരിക്കുകളാണ് ഏറ്റത്. ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. നിരവധി തവണ കുത്തേറ്റുവെങ്കിലും അതില്‍ വയറ്റിലും കഴുത്തിലുമേറ്റ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പള്‍സ് നിലച്ചിരുന്നു. രാവിലെ എട്ടരയോടെയാണ് വന്ദനയുടെ മരണം സ്ഥിരീകരിച്ചത്.

നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനാണ് പ്രതിയായ എസ്. സന്ദീപ്. ഇയാള്‍ എംഡിഎംഎ പോലെയുള്ള ലഹരിമരുന്നിന് അടിമയാണെന്ന സംശയമുണ്ട്. മാതാപിതാക്കളുടെ ഏക മകളാണ് ഡോ. വന്ദന.