LogoLoginKerala

യുപിഐ വഴി പണം സ്വീകരിച്ച നിരവധി പേരുടെ എക്കൗണ്ടുകള്‍ മരവിപ്പിച്ചു, കൈമലര്‍ത്തി ബാങ്കുകള്‍, പരിഹാര നിര്‍ദേശവുമായി പോലീസ്‌

 
account freeze

കൊച്ചി-യു പി ഐ ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന നിരവധി ബിസിനസുകാരുടെ ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തെ തുടര്‍ന്ന് പരിഹാര നിര്‍ദേശവുമായി കേരള പോലീസ്. പരാതികളുടെ പേരില്‍ വ്യക്തികളുടെ / സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ട് പൂര്‍ണമായും മരവിപ്പിക്കരുതെന്നാണ് കേരള പോലീസിന്റെ നിര്‍ദേശം.  പരാതിയുള്ള ബാങ്ക് അക്കൗണ്ടിലെ സംശയമുള്ള തുക മാത്രമാണ് മരിവിപ്പിക്കേണ്ടത്. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ നിര്‍ദേശമോ നിയമമോ ഇല്ലെന്നും ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്കിയതായും കേരള പോാലീസിലെ സൈബര്‍ വിഭാഗം വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ഡസന്‍ കണക്കിന് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടാണ് അവരുടേതല്ലാത്ത കാരണത്താല്‍ ബാങ്കുകള്‍ മരവിപ്പിച്ചത്. ഇതില്‍ ഫെഡറല്‍ ബാങ്ക്, എസ്.ബി.ഐ അക്കൗണ്ട് ഉടമകളാണ് കൂടുതലും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. വസ്തുക്കള്‍ വാങ്ങിയതിനോ, സേവനത്തിനോ, വായ്പയായോ മറ്റോ യു പി ഐ ഐഡിയില്‍ പണം സ്വീകരിച്ചവരുടെ എക്കൗണ്ടുകള്‍ ഒരു കാരണവും പറയാതെ മരവിപ്പിക്കുകയായിരുന്നു. നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ പരാതിയുമായി രംഗത്തുവന്നതോടെയാണ് എന്താണ് ഇതിന് പിന്നില്‍ സംഭവിച്ചതെന്ന് പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഡിജിറ്റല്‍ ബാങ്ക് ഇടപാടുകളിലൂടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിന് കേന്ദ്രആഭ്യന്തര വകുപ്പും ബാങ്കുകളും ചേര്‍ന്ന് രൂപം നല്‍കിയ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (എന്‍ സി സി ആര്‍ പി) സംവിധാനമാണ് തട്ടിപ്പുകാരുടെ എക്കൗണ്ടില്‍ നിന്ന് പണം സ്വീകരിച്ച നിരപരാധികള്‍ക്കും വിനയായി മാറിയത്.

account

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും മറ്റും സ്വന്തം എക്കൗണ്ടിലേക്ക് പണം ചോര്‍ത്തുന്ന തട്ടിപ്പുകാര്‍ പിടിക്കപ്പെടാതിരിക്കാന്‍ അത് മറ്റ് എക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ചെയ്തുവരുന്നത്. അതിനാല്‍ തട്ടിപ്പുകാരന്റെ എക്കൗണ്ട് മാത്രമല്ല ഈ എക്കൗണ്ടില്‍ നിന്ന് പണം പോയ എക്കൗണ്ടുകളും മരവിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പോലീസില്‍ തട്ടിപ്പു സംബന്ധിച്ച പരാതി ലഭിച്ചാലുടന്‍ ഈ പുതിയ സംവിധാനം ഉപയോഗിച്ച് തട്ടിപ്പുകാരന്റെ എക്കൗണ്ടിനൊപ്പം പണം സ്വീകരിച്ചവരുടെ എക്കൗണ്ടും ഫ്രീസ് ചെയ്യപ്പെടും.  തട്ടിപ്പുകാരന്‍ ഒരു കടയില്‍ നിന്ന് ഗൂഗിള്‍ പേ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ ആ കടക്കാരന്റെ അക്കൗണ്ടും ബ്ലോക്ക് ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടായത്.  
കൊച്ചിയില്‍ ബിനാനിപുരം, എടയാര്‍ മേഖലയില്‍ നിരവധി പേരുടെ എക്കൗണ്ടുകള്‍ ഇത്തരത്തില്‍ ഫ്രീസ് ചെയ്യപ്പെട്ടു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ നിരവധി പേരുടെ എക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നു. ഇക്കാര്യം ബാങ്ക് അധികൃതര്‍ നേരത്തെ അറിയിക്കുന്നില്ലെന്നു മാത്രമല്ല, പരാതിയുമായി പോയാല്‍ പോലും കൃത്യമായ വിശദീകരണം നല്‍കാനാവാതെ അവര്‍ കൈമലര്‍ത്തുന്ന സ്ഥിതിയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ തങ്ങള്‍ക്ക് പോലീസില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശം അപ്പടി പാലിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അതിനാലാണ് അക്കൗണ്ട് പൂര്‍ണമായും മരവിപ്പിച്ചതെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ സമീപനം. ഗുജറാത്ത് പോലീസില്‍ നിന്നാണ് ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൂടുതലായി വരുന്നതും എക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതും.
മരവിപ്പിക്കപ്പെട്ട എക്കൗണ്ടുകള്‍ വീണ്ടും ആക്ടീവ് ആക്കണമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ അതിനുള്ള അറിവോ, സാമ്പത്തിക പിന്‍ബലമോ, മാനസികാവസ്ഥയോ ഇല്ലാത്തതിനാല്‍ പലരുടെയും അവസ്ഥ അതിദയനീയമാണ്. വീട് പണി, മക്കളുടെ കല്യാണം, വിദ്യാഭ്യാസം, ഹോസ്പിറ്റല്‍ തുടങ്ങി വിവിധ അത്യാവശ്യങ്ങള്‍ക്കും മറ്റുമായി നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ ഇപ്രകാരം മരവിപ്പിക്കപ്പെട്ടതിനാല്‍ തീ തിന്നുകയാണ് പല അക്കൗണ്ട് ഉടമകളും.