എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
പാലക്കാട്: മാരക മയക്കുമരുന്നുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കാറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കള്‍ പൊലീസ് പിടിയിലായത്.
അമിതവേഗതിയില്‍ വന്ന വാഹനം സംശയം തോന്നി പൊലീസ് തടഞ്ഞു. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കൊറിയര്‍ രൂപത്തില്‍ ഒളിപ്പിച്ച 150 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. വാഹനത്തില്‍ ഉണ്ടായിരുന്ന മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, സജു സി, ഷെറിന്‍ കെ എന്നിവരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്നാണ് യുവാക്കള്‍ മയക്കുമരുന്ന് വാങ്ങിയിട്ടുള്ളത്. സ്വന്തം ഉപയോഗത്തിനാണോ, ഡീലര്‍മാരാണോ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലയില്‍ വരും ദിവസങ്ങളിലും വാഹന പരിശോധന വ്യാപകമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.