ഗുജറാത്തില്‍ 5 വര്‍ഷത്തിനിടെ 40,000-ത്തിലധികം സ്ത്രീകളെ കാണാതായതായി

അഹമ്മദാബാദ് - ഗുജറാത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 40,000-ത്തിലധികം സ്ത്രീകളെ കാണാതായതായി രേഖകള്‍. 2016ല്‍ 7,105, 2017ല്‍ 7,712, 2018ല്‍ 9,246, 2019ല്‍ 9,268, 2020ല്‍ 8,290 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ വ്യക്തമാക്കി.
അതനുസരിച്ച് ഈ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായത് 41,621 പേരെയാണെന്നും എന്‍.സി.ആര്‍.ബി വ്യക്തമാക്കി. ഇത്തരത്തില്‍ കാണാതാകുന്ന സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ചിലരെ ലൈംഗിക വൃത്തിയിലേക്ക് കടത്തുന്നതായി തെളിഞ്ഞെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറഞ്ഞു.
സത്രീകളെ കാണാതാകുന്ന കേസുകള്‍ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാത്തതാണ് പ്രശ്നം. കൊലപാതകത്തേക്കാള്‍ ഗുരുതരമാണ് ഇത്തരം കേസുകള്‍. ഇത്തരം സംഭവങ്ങള്‍ കൊലപാതക കേസ് പോലെ ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാണാതാകല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ മനുഷ്യക്കടത്താണെന്ന് മുന്‍ എ.ഡി.ജി.പി ഡോ. രാജന്‍ പ്രിയദര്‍ശി പറഞ്ഞു. അതേസമയം ബി.ജെ.പി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 40000ത്തിലധികം സ്ത്രീകളെ കാണാതായിട്ടും അവര്‍ക്കത് വിഷയമാകുന്നില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ കുറ്റപ്പെടുത്തി.