LogoLoginKerala

എറണാകുളം മറൈന്‍ഡ്രൈവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പീഢനം, രണ്ടു പേര്‍ അറസ്റ്റില്‍

 
PEEDANAM ARREST

കൊച്ചി- എറണാകുളം മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ വിശ്രമത്തിനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്ത യുവാക്കള്‍ അറസ്റ്റിലായി. വയനാട് ബത്തേരി ബീനാച്ചി സ്വദേശി പറമ്പത്ത് വീട്ടില്‍ നസീമ മകന്‍ താഹിര്‍(21), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി തെക്കനത്ത് തോമസ് മകന്‍ ആഷിന്‍ തോമസ്(25) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും 2 മോതിരവും ഒരു മാലയും അടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല എന്ന് പറഞ്ഞു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുളവുകാട് പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ വന്നപ്പോളാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവില്‍ സ്വര്‍ണ്ണ കവര്‍ച്ചയും നടന്ന വിവരം പുറത്തുവരുന്നത്. സംശയം തോന്നിയ പോലീസ് അനേഷണത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ മൊഴിയെടുത്തപ്പോഴാണ് സ്വര്‍ണ്ണാഭരങ്ങള്‍ തന്റെ കാമുകന്‍ തട്ടിയെടുത്ത വിവരം പറയുന്നത്. കുട്ടി പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് മനസ്സിലാക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരമടക്കം വിവരിച്ചത്.

സ്‌കൂള്‍ സമയം കഴിഞ്ഞു എറണാകുളം അബ്ദുള്‍കലാം മാര്‍ഗില്‍ സ്ഥിരമായി എത്തുന്ന  പെണ്‍കുട്ടിയെ നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിര്‍ പരിചയപെടുകയും ഇന്‍സ്റ്റാഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കില്‍ വീഴ്ത്തുകയും ചെയ്തു.  തന്റെ പേര് വിഷ്ണു എന്നാണെന്നാണ്  താഹിര്‍ പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത് പ്രണയത്തിലായ പെണ്‍കുട്ടിയെ താഹിര്‍ അബ്ദുള്‍കലാം മാര്‍ഗില്‍ മറ്റും വച്ചു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ കൂട്ടാളിയായ അഷിന്‍ ഒന്നിച്ചു പീഡനവിവരവും മറ്റും പുറത്തറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങള്‍ അഷിന്‍ പണയം വെക്കുകയും വില്പന നടത്തുകയും ചെയ്തു. ആഭരണങ്ങള്‍ പണയം വെച്ചും വില്പന നടത്തിയും ലഭിക്കുന്ന പണം കൊണ്ട് പ്രതികള്‍ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു.

ഒളിവില്‍ പോയ താഹിര്‍ വയനാടുള്ള വീട്ടില്‍ നിന്നും ആണ് പോലീസ് പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ച താഹിറിനെ ചോദ്യം ചെയ്തപ്പോഴാണ് അഷിന്‍ എറണാകുളത്ത് ഉള്ള വിവരം പോലീസ് അറിഞ്ഞത് അത്യാവശ്യമായി കാണണമെന്ന് താഹിര്‍ ആഷിനെ ഫോണ്‍ വിളിച്ചു പറഞ്ഞ പ്രകാരം ഹൈകോര്‍ട്ട്  ഭാഗത്തെത്തിയ ആഷിന്‍ പോലീസിനെ കണ്ടു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി.  അബ്ദുള്‍കലാം മാര്‍ഗില്‍ വരുന്ന മറ്റു പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍  പ്രണയം നടിച്ചു ലൈംഗികമായി ഉപയോഗിച്ച്  പണം കവര്‍ന്നിട്ടുണ്ടോ എന്നും ലഹരിക്ക് അടിമകള്‍ ആക്കിയിട്ടുണ്ടോ എന്നും  ഇത്തരത്തിലുള്ള സംഘങ്ങള്‍ കൂടുതല്‍ സജീവമാണോ എന്നും പോലീസ് അന്വേഷിക്കുകയാണ്.