നൂറു കിലോ കഞ്ചാവുമായി നാലു പേര്‍ തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം- കാറില്‍ കടത്തിയ നൂറുകിലോയോളം കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. കണ്ണേറ്റുമുക്കില്‍വെച്ച് എക്സൈസ് സംഘമാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. കരുമടം സ്വദേശി രതീഷ്, വിഷ്ണു, അഖില്‍, തിരുവല്ലം സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്തുനിന്ന് വാടകയ്ക്കെടുത്ത കാറില്‍ ആന്ധ്രയില്‍നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് എക്സൈസ് സംഘം, പിന്തുടര്‍ന്ന് പിടിച്ചത്. കേരളത്തിലെ വിവിധഭാഗങ്ങളില്‍ പോകാനാണെന്ന് പറഞ്ഞാണ് പ്രതികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്നോവ കാര്‍ വാടകയ്ക്കെടുത്തത്. വാഹന ഉടമ ജി.പി.എസ്. പരിശോധിച്ചപ്പോള്‍ കാര്‍ ആന്ധ്രയിലാണെന്നും രണ്ടായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചതായും കണ്ടെത്തി. സംശയം തോന്നിയ വാഹന ഉടമ എക്സൈസിനെ വിവരമറിയച്ചു. ഞായറാഴ്ച പുലര്‍ച്ചെ വാഹനം കേരള അതിര്‍ത്തി കടന്നതോടെ എക്സൈസ് ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
നൂറുകിലോയോളം ഉള്‍കഞ്ചാവ് 48 പൊതികളിലായാണ് കാറില്‍ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ വിവിധഭാഗങ്ങളില്‍ വില്‍പ്പന നടത്താനായാണ് ആന്ധ്രയില്‍നിന്ന് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമികനിഗമനം.നാല് പേരെ പിടികൂടിയെങ്കിലും കാറില്‍ ഉണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. കസ്റ്റഡിയിലുള്ള നാലുപേരില്‍ രണ്ടുപേര്‍ കഞ്ചാവ് വാങ്ങാനെത്തിയവരാണെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.