കോവിഡ്; കൂടുതല്‍ ഇളവുകള്‍; ഹോട്ടലില്‍ ഇരുന്നു കഴിക്കാനാകും

ടേബിളുകള്‍ തമ്മില്‍ അകലം കൂട്ടിയാകും ഇരിക്കാനുള്ള അനുമതി. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റി പഴയനിലയിലേക്കാകാന്‍ നോക്കുകയാണ് കേരളം. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിലാവും തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്നാണ് വ്യക്തമാകുന്നത്. ടേബിളുകള്‍ തമ്മില്‍ അകലം കൂട്ടിയാകും ഇരിക്കാനുള്ള അനുമതി. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. കോവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷന്‍ വേഗത്തില്‍ മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ രാവിലെ തുറക്കും. തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. ശനിയാഴ്ച ഇനി മുതല്‍ പ്രവൃത്തി ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ആയിരിക്കില്ല. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രീം കോടതി നിലപാട് അനുസരിച്ചാകും സ്‌കൂള്‍ തുറക്കലില്‍ അന്തിമതീരുമാനം. തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.